മെസിയുടെ പേരിൽ നടന്നത് അടിമുടി ക്രമക്കേട് 
KERALA

മെസിയുടെ പേരിൽ നടന്നത് അടിമുടി ക്രമക്കേട്; കായിക സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഏജൻസികൾക്ക് അന്വേഷണത്തിന് ശുപാർശ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലയണൽ മെസി കേരളത്തിലേക്ക് കൊണ്ടു വരുമെന്ന പേരിൽ നടത്തിയത് വൻ തട്ടിപ്പ് എന്ന് അന്വേഷണ റിപ്പോർട്ട്. മുൻ കായിക മന്ത്രി അബ്ദുറഹ്മാൻ്റെയും സ്പോൺസറുടെയും നടപടികളിൽ അടിമുടി ക്രമക്കേടുകളാണ് നടന്നതെന്നാണ് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഉള്ളത്. കായിക സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ കള്ളക്കളിയാണെന്നാണ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. സ്പോൺസറെ തെരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല. സുതാര്യമല്ലാതെയാണ് സാമ്പത്തിക ഇടപാടുകൾ നടന്നത്.

അർജൻ്റീന ടീം വരുമെന്ന സ്പോൺസറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് കായിക മന്ത്രിക്കും തുടർന്ന് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തിൽ നടന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അർജൻ്റീന വരും എന്ന വാഗ്ദാനം ആധികാരിക രേഖകൾ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അർജൻ്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പടെ നിർബന്ധമാണ്.

എന്നാൽ ഫിഫ അംഗീകാരമോ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്ദാനം നൽകുന്നതിലേക്ക് കമ്പനിയും സർക്കാരും നീങ്ങിയതെന്നും അന്താരാഷ്ട്ര കരാർ ഉൾപ്പടെ ലംഘനങ്ങളും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചട്ടങ്ങൾ മറികടന്നാണ് സ്പോൺസർ കമ്പനിയെ സർക്കാർ തീരുമാനിച്ചത്. സ്പോൺസറെ തെരഞ്ഞെടുത്തതിൽ ചട്ടങ്ങൾ പാലിച്ചില്ല. മുൻകായിക മന്ത്രി വി. അബ്‌ദുറഹ്മാൻ ആണ് എല്ലാം തീരുമാനിച്ചത്.

മുൻ മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി.അബ്‌ദുറഹ്മാൻ നേരിട്ട് ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ വിശദ അന്വേഷണവും മുൻ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അതേസമയം, കലൂർ സ്റ്റേഡിയം കൈമാറിയതിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫിഫ മാച്ച് രജിസ്ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പ് അനുമതിയോ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാണ്.

SCROLL FOR NEXT