എ. കെ. ആൻ്റണി Source: News Malayalam 24x7
KERALA

"പലതും തുറന്നു പറയാൻ ഉണ്ട്, അതിൽ അപ്രിയ സത്യങ്ങൾ ഉണ്ടാകും, അത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം"

തന്നെ കുറിച്ചും, ഭരണക്കാലത്തെ കുറിച്ചും ഒരുപാട് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ആൻ്റണി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആൻ്റണി. തൻ്റെ ഭരണകാലത്തെ കുറിച്ച് ഏകപക്ഷീയമായി ആക്രമണം നടക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ ഈ കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാനാണ് വന്നതെന്നും, എ. കെ. ആൻ്റണി പറഞ്ഞു. കൂടാതെ തനിക്ക് ചില അപ്രിയ സത്യങ്ങൾ പറയാൻ ഉണ്ടെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജീവനോടെ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തുമെന്നും ആൻ്റണി പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയിട്ട് 21 വർഷമായി. സജീവ രാഷ്ട്രീയത്തിൽ ഇല്ല. ഇപ്പോഴും തന്നെ കുറിച്ചും, തൻ്റെ ഭരണകാലത്തെ കുറിച്ചും പറഞ്ഞ് കൊണ്ട് ഏകപക്ഷീയമായി ആക്രമണം നടക്കുന്നു. തന്നെ കുറിച്ചും, മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെ കുറിച്ചും ഒരുപാട് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 21 വർഷമായി എൽഡിഎഫ് ഉന്നയിക്കുന്ന കാര്യങ്ങളാണ് സഭയിൽ ഇന്നലെയും പറഞ്ഞതെന്നും ആൻ്റണി വ്യക്തമാക്കി.

തൻ്റെ ഭരണകാലത്ത് ശിവഗിരിയിൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ വേണ്ടി പൊലീസിനെ അയക്കേണ്ടി വന്നത് തനിക്ക് ഏറെ ദുഃഖമുള്ള കാര്യമാണ്. അവിടെ നടന്ന സംഭവങ്ങൾ പലതും നിർഭാഗ്യകരമാണ്. ശിവഗിരിയിൽ അധികാരം കൈമാറാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കും എന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിനെ അയച്ചത്. ശിവഗിരിയിൽ ഉണ്ടായത് സർക്കാർ ഉണ്ടാക്കിയ പ്രശ്നമല്ല. ഇതിനെയാണ് ഞാൻ എന്തോ അതിക്രമം കാണിച്ചു എന്ന് 21 വർഷമായി പാടിക്കൊണ്ടിരിക്കുന്നതെന്നും ആൻ്റണി വിമർശിച്ചു.

മുഖ്യമന്ത്രിയോടും സർക്കാരിനോട് ഒരു അഭ്യർഥന ഉണ്ടെന്ന് ആൻ്റണി പറഞ്ഞു. ഇ. കെ. നായനാർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹം ശിവഗിരിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷനെ വച്ചിരുന്നു. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിനുശേഷം വിശദമായ ഒരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാരുടെ ജുഡീഷ്യൽ കമ്മറ്റി റിപ്പോർട്ട് വീണ്ടും പരസ്യപ്പെടുത്തണമെന്നും, ജനങ്ങൾ അറിയട്ടെ അവിടെ എന്താണ് സംഭവിച്ചത് എന്നും ആൻ്റണി പറഞ്ഞു.

മുത്തങ്ങയിൽ ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് താൻ മുഖ്യമന്ത്രിയായിരിക്കെയാണ് എന്ന് ആൻ്റണി പറഞ്ഞു. പഞ്ചസാരയും മണ്ണെണ്ണയും ഉപയോഗിച്ച് ആൻ്റണി പൊലീസ് ആദിവാസികളെ കത്തിച്ചുകൊന്നു എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്.

മുത്തങ്ങയിൽ ആദിവാസികൾ ആരുടെയോ പ്രേരണയിൽ കയറി കുടിൽ കെട്ടി. അന്ന് എല്ലാ മാധ്യമങ്ങളും, സംഘടനകളും, കുടിൽ കെട്ടിയ ആദിവാസികളെ ഇറക്കി വിടണം എന്നാണ് പറഞ്ഞത്. പിന്നീടുണ്ടായ സംഘർഷത്തിൽ ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐക്ക് വിട്ടു.

ആദിവാസി സമരത്തിൻ്റെ പേരിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ട് എന്താണ്? അതിൽ ആരെയാണ് കുറ്റപ്പെടുത്തിയത്? ആർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്? ആ റിപ്പോർട്ടും പ്രസിദ്ധീകരിക്കണമെന്നും ആൻ്റണി അവശ്യപ്പെട്ടു. എന്തുകൊണ്ട് തുടർന്നുവന്ന വിഎസ് പിണറായി സർക്കാരുകൾ മുത്തങ്ങയിൽ ആദിവാസികളെ വീണ്ടും താമസിപ്പിക്കാൻ ശ്രമിച്ചില്ലെന്നും, അതിനു സാധ്യമല്ല എന്ന് ആ സർക്കാരുകൾക്കും ബോധ്യമുണ്ടെന്നും ആൻ്റണി പറഞ്ഞു.

SCROLL FOR NEXT