പാലക്കാട്; മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. സമൻസ് വിഷയത്തിൽ ക്ഷുഭിതനായി പ്രതികരിച്ച് സിപിഐഎം നേതാവ് എ. കെ. ബാലൻ. എങ്ങനെ സമൻസ് വന്നു എന്ന് ചോദ്യം ചെയ്യപ്പെടണമെന്ന് ബാലൻ പറഞ്ഞു. മൂന്നാം എൽഡിഎഫ് സർക്കാർ വരുന്നുവെന്ന ധാരണ പൊതുവിൽ വന്നു.അതിൽ പ്രയാസമുള്ളവർ പല നാടകങ്ങളും നടത്തുന്നു. ഇപ്പോൾ പുറത്തു വന്നിട്ടുള്ള സമൻസ് അതിൻറെ ഭാഗമാണ്.
സമൻസ് വെബ്സൈറ്റിൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് നടപടി തുടരുന്നില്ല എന്ന് ഇഡിയോട് ചോദിക്കണം. പല അന്തർധാര ആരോപണങ്ങളും നേരത്തെയും മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരുന്നു. പക്ഷേ ഉയർന്ന ഒരു പരാതിയിലും പിണറായിയുടെ ഒരു രോമത്തിൽ തൊടാൻ ആർക്കും കഴിഞ്ഞില്ലെന്നും ബാലൻ പറഞ്ഞു.
അതേ സമയം സ്വർണ്ണപ്പാളി വിവാദത്തിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.തെറ്റുകാരിൽ സിപിഎമ്മുക്കാർ ഉണ്ടെങ്കിൽ ചെവിക്ക് പിടിച്ചു പുറത്തിടുമെന്നും ബാലൻ പറഞ്ഞു. ജി സുധാകരന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സൈബർ ആക്രമണം ആര് നടത്തിയാലും തെറ്റാണ്.പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും ബാലൻ വ്യക്തമാക്കി.
അതേ സമയം ഇഡി സമൻസ് വിവാദത്തിൽ പിണറായി വിമർശിച്ചതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് സിപിഐഎം ജെനറൽ സെക്രട്ടറി എംഎ ബേബിയും രംഗത്തെത്തി. വിവേക് കിരണിന് സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചില്ല എന്ന് വിശദീകരണം ഇഡി വാർത്ത കൊടുത്ത പത്രത്തിന് മാനസിക രോഗമെന്നും ബേബി പറഞ്ഞു.മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നിലപാടെന്നും സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞു.