ഇടുക്കി: മാലിന്യ സംസ്കരണത്തിൽ ഇരട്ടയാർ മോഡൽ രാജ്യത്ത് തന്നെ ശ്രദ്ധ നേടിയതാണ്. ഇരട്ടയാർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ വാതിൽപടിസേവനത്തിലൂടെ മുഴുവൻ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺ കണക്കിന് മാലിന്യമാണ് മാസം തോറും ശേഖരിക്കുന്നത്. ഈ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തും പഞ്ചായത്ത് വരുമാനം ഉണ്ടാക്കുന്നുണ്ട്.
മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് മാതൃകയാണ് ഇരട്ടയാർ പഞ്ചായത്തിന്റെ നേട്ടം. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേ പ്രസംഗത്തിൽ ഇരട്ടയാർ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനം ഇടം പിടിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഹരിതകർമ സേനാ അംഗങ്ങൾക്ക് മികച്ച ജീവിത നിലവാരവും ഇരട്ടയാർ പഞ്ചായത്ത് ഉറപ്പാക്കുന്നു. 4,600ലധികം വീടുകളിലും 500 സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനാ വോളണ്ടിയർമാരുടെ സേവനം ലഭ്യമാണ്.
പ്രതിമാസം 15,000 രൂപ വരുമാനവും ഇതിലൂടെ ഹരിതകർമ്മ സേന അംഗങ്ങൾ ഉറപ്പിക്കുന്നു. പഞ്ചായത്തിലെ 85 ശതമാനം വീടുകളിൽ നിന്നും 90 ശതമാനം സ്ഥാപനങ്ങളിൽ നിന്നുമായാണ് മാലിന്യം സംഭരിക്കുന്നത്. പ്രതിമാസം 2,50,000 രൂപയാണ് ഉപഭോക്തൃ ഫീസിനത്തിൽ പിരിച്ചെടുക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ 18 വിഭാഗങ്ങളായി വേർതിരിച്ച് സംസ്കരണത്തിനായി സ്വകാര്യ ഏജൻസികൾക്കും റീസൈക്ലിംഗ് കമ്പനികൾക്കും കൈമാറുകയാണ്. മാസം തോറും ശേഖരിക്കുന്ന നാല് ടൺ പ്ലാസ്റ്റിക് വസ്തുക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. മാലിന്യ ശേഖരത്തിൽ നിന്ന് ലഭിക്കുന്ന ചില്ലു കുപ്പികൾ ആധുനിക എംആർഎഫ്, മോഡൽ ചില്ല് മാലിന്യ കേന്ദ്രം വഴി സംസ്കരിക്കുകയാണ്.
ജൈവമാലിന്യം കൂടി സംഭരിച്ച് വളം നിർമാണത്തിന് രൂപം കൊടുത്തിരിക്കുകയാണ് പഞ്ചായത്ത് ഇപ്പോൾ. ഇതിനായി പഴയ പഞ്ചായത്ത് കെട്ടിടത്തിനോട് ചേർന്ന് പ്ലാന്റും പ്രവർത്തനം ആരംഭിച്ചു. ഇരട്ടയാർ പഞ്ചായത്തിന്റെ പേരിലുള്ള ബ്രാൻഡ് വളം വിപണിയിൽ എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. പഞ്ചായത്ത് ഭരണസമിതിയും പ്രതിപക്ഷവും വികസന പ്രവർത്തനങ്ങളിൽ ഒരുമിച്ചു നീങ്ങുന്നതിലാണ് ഇരട്ടയാറിന്റെ വിജയം എന്ന് ഒരേസ്വരത്തിൽ ഈ നാട് പറയുന്നു.