സ്കൂളിൽ പ്യൂൺ പോസ്റ്റിൽ ജോലി നൽകാമെന്ന് സ്വകാര്യ മാനേജ്മെൻ്റ് സ്ഥാപനമാണ് ബിന്ദുവിനെ അറിയിച്ചത് News malayalam 24x7
KERALA

പേരൂർക്കടയിലെ ബിന്ദുവിന് സഹായ ഹസ്തവുമായി സ്വകാര്യസ്ഥാപനം; സ്കൂളിൽ പ്യൂൺ ജോലി നൽകും

ബിന്ദുവിന് ജോലി നൽകാമെന്ന് അറിയിക്കുന്ന കത്ത് ഇവർ വീട്ടിലെത്തി കൈമാറി.

Author : ന്യൂസ് ഡെസ്ക്

പേരൂർക്കട: പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ ഉൾപ്പെട്ട് പൊലീസിൽ നിന്ന് ക്രൂരമായ മാനസിക പീഡനങ്ങളേറ്റു വാങ്ങിയ ബിന്ദുവിന് സഹായ ഹസ്തവുമായി സ്വകാര്യസ്ഥാപനം. സ്കൂളിൽ പ്യൂൺ പോസ്റ്റിൽ ജോലി നൽകാമെന്ന് സ്വകാര്യ മാനേജ്മെൻ്റ് സ്ഥാപനമാണ് ബിന്ദുവിനെ അറിയിച്ചത്. ബിന്ദുവിന് ജോലി നൽകാമെന്ന് അറിയിക്കുന്ന കത്തും ഇവർ വീട്ടിലെത്തി കൈമാറി.

നേരത്തെപേരൂര്‍ക്കട വ്യാജ മാല മോഷണ കേസില്‍ ബിന്ദു നിരപരാധിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷ്ടിച്ചതല്ലെന്നും വീട്ടുടമ ഓമന ഡാനിയലിൻ്റെ വീട്ടില്‍ നിന്നു തന്നെ മാല കിട്ടിയെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. പേരൂർക്കടയിലെ ഓമന ഡാനിയലിൻ്റെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കി പൊലീസ് ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്.

ഓർമ പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നു. ഇത് ഇവർ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ചവറു കൂനയില്‍ നിന്നാണ് മാല കണ്ടെത്തിയത് എന്നത് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ചത് മറയ്ക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണെന്നാണ് കണ്ടെത്തല്‍.

SCROLL FOR NEXT