തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിലേക്ക് ട്രെയിൻ കയറിയാണ് പാളം തെറ്റിയത്.
മണ്ണിടിച്ചിലിൽ എഞ്ചിൻ ഭാഗം ട്രാക്കിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. ബിലാസ്പൂർ തിരുനെൽവേലി എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാറശാല ഇലങ്കം ക്ഷേത്രത്തിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.
പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആയിരുന്നു. ഇതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് സൂചന. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് തിരുവനന്തപുരം നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.