സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം  Source: News Malayalam 24x7
KERALA

തോട്ടിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം

കോഴിക്കോട്ടും തൃശൂരുമാണ് ഇന്ന് കൂടുതൽ മഴക്കെടുതികളുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളിൽ മൂന്നുമരണം. കോഴിക്കോട്ട് രണ്ടര വയസ്സുകാരി തോട്ടിൽ വീണും കാസർഗോഡ് വീട്ടമ്മ ഒഴുക്കിൽപ്പെട്ടും മരിച്ചു. കണ്ണൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്ട് അന്നശ്ശേരി സ്വദേശി നിഖിലിൻ്റെ മകൾ നക്ഷത്രയാണ് തോട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ തോട്ടിൽ വീഴുകയായിരുന്നു. കാസർഗോഡ് തോട്ടിൽ വീണ് മധൂർ കേളുഗുഡെ സ്വദേശി ഭവാനി മരിച്ചു.

കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിൻ്റെ മൃതദേഹമാണ് ലഭിച്ചത്. 2 ദിവസം മുൻപ് കാണാതായ കാസർഗോഡ് സ്വദേശി അഭിജിത്തിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കോഴിക്കോട്ട് ചെറുപുഴയിൽ കാണാതായ വയോധികനായുള്ള തെരച്ചിലും തുടരുകയാണ്.

കനത്ത കാറ്റിലും മഴയിലും പലയിടത്തും വീടിന് മുകളിൽ മരം വീണു. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദമായി മാറി. ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യുനമർദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കോഴിക്കോട്ടും തൃശൂരുമാണ് ഇന്ന് കൂടുതൽ മഴക്കെടുതികളുണ്ടായത്. കോഴിക്കോട്ട് മാവൂർ, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. മാവൂർ കച്ചേരികുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയും ഉണ്ടായി. ചാലിയാറിന് കുറുകെ ഊർക്കടവിൽ സ്ഥാപിച്ച റെഗുലേറ്ററിൻ്റെ ഷട്ടറുകൾ പൂർണമായും ഉയർത്തി. തൂണേരിയിൽ വീടിന് മുകളിൽ മരം വീണ് മറ്റ് രണ്ടു വീടുകൾക്കും മഴയിൽ കേടുപാടുണ്ടായി. തൂണേരി ബഡ്സ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞുവീണു. വാണിമേൽ കോടിയുറ, കുറുവന്തേരി എന്നിവിടങ്ങളിൽ മിന്നൽ ചുഴലി നാശം വിതച്ചു.

വെള്ളക്കെട്ടിലൂടെ ഓടുന്നതിനിടെ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടമുണ്ടായി. പരിക്കേറ്റ പൊലീസുകാരൻ ജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് പനയും കവുങ്ങുകളും കടപുഴകി രണ്ടു പേർക്ക് പരിക്ക്. പ്രദേശത്ത് കിണറും ഇടിഞ്ഞുതാഴ്ന്നു.

തൃശൂരിൽ കുന്നംകുളത്ത് കനത്ത മഴയിൽ വീട് തകർന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ തലനാരിഴയ്ക്കാണ് നാലംഗ കുടുംബം രക്ഷപ്പെട്ടത്. തെക്കുംകര വിരുപ്പാക്കത്തും വീടിനു മുകളിൽ മരം വീണു. കണ്ണാറ ഹണി പാർക്കിന് സമീപം പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത റോഡിലെ കുഴിയിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് താഴ്‌ന്നു. ഇരിങ്ങാലക്കുട പോട്ട റൂട്ടിൽ നിയന്ത്രണംവിട്ട് ട്രാവലർ പാടത്തേയ്ക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്കുണ്ട്.

എറണാകുളം ഏലൂരിൽ ആൽമരത്തിൻ്റെ ചില്ലയൊടിഞ്ഞ് അധ്യാപികയ്ക്കും വിദ്യാർഥിക്കും പരിക്കേറ്റു. മരംവീണ് മലയാറ്റൂർ വില്ലേജിലെ പത്തോളം വീടുകൾക്ക് കേടുപാടുണ്ടായി. കാസർഗോഡ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിഞ്ഞു. പ്രധാന നദികൾ കരകവിഞ്ഞൊഴുകി. തിരുവനന്തപുരം നെടുമങ്ങാട് - പാലോട് റോഡിൽ തെങ്ങ് വീണ് 3 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാട് പറ്റുകയും ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു.

SCROLL FOR NEXT