സംസ്ഥാനത്തെ ആശമാർക്ക് നാളെ മുതൽ നിർബന്ധിത പരിശീലനം നൽകാൻ ഉത്തരവ്. മുഴുവൻ ആശമാരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കി. രാപ്പകൽ സമര യാത്രയുടെ സമാപനവും മഹാറാലിയും നാളെ നടക്കാനിരിക്കെയാണ് അടിയന്തിര പരിശീലനം. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ആശാ സമരസമിതി നേതാവ് എം.എ. ബിന്ദു.
നിർബന്ധിത പരിശീലന ഉത്തരവ് പുറപ്പെടുവിപ്പിച്ചത് സമരം തകർക്കാനെന്നെന്നാണ് എം.എ. ബിന്ദുവിൻ്റെ വാദം. ജനാധിപത്യപരമായാണ് സമരം മുന്നോട്ടുപോകുന്നത്. നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ നേരത്തെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനുമാണ് നാളത്തെ ട്രെയിനിങ്ങെന്ന് ആരോപിച്ച ബിന്ദു, ഓർഡർ മുഖവിലയ്ക്കെടുക്കാതെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദുവിന്റെ നേതൃത്വത്തിൽ മെയ് അഞ്ചിന് കാസർഗോഡ് നിന്നായിരുന്നു സമര യാത്ര ആരംഭിച്ചത്. നാളെ രാവിലെ പിഎംജി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ആശാവർക്കർമാർക്കൊപ്പം പൊതുജനങ്ങളും മഹാറാലിയുടെ ഭാഗമാകുമെന്ന് സമരസമിതി അറിയിച്ചു. അതേസമയം ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 10ന് ആരംഭിച്ച ആശമാരുടെ രാപ്പകൽ സമരം 128 ആം ദിവസത്തിലേക്ക് കടക്കുകയാണ്.