കൊച്ചി: സിപിഐഎമ്മിൽ അസാധാരണ മികവുള്ള യുവനേതാക്കൾ ഇല്ലെന്ന ജി. സുധാകരൻ്റെ വിമർശനത്തിന് മറുപടിയുമായി എ.എ. റഹീം എംപി. ജി. സുധാകരൻ തലമുതിർന്ന നേതാവാണ്. അദ്ദേഹത്തിൻ്റെ വിമർശനം പോസിറ്റീവായി കാണുന്നുവെന്നും എ.എ. റഹീം പറഞ്ഞു. പാർട്ടിയെ മെച്ചപ്പെടുത്താൻ വേണ്ടിയാകും അദ്ദേഹം അഭിപ്രായം പറഞ്ഞത്. ഉപദേശമായാണ് കാണുന്നത്. പ്രകടനം മെച്ചപ്പെടുത്തണമെന്ന് പറയുന്നത് സ്നേഹം ഉള്ളതുകൊണ്ട്. അതിൻ്റെ അർഥം മോശമെന്നല്ല. കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ഊർജ്ജം തരുന്നതാണ് ജി. സുധാകരൻ്റെ ഉപദേശമെന്നും എ.എ. റഹീം പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിലും എ.എ. റഹീം പ്രതികരിച്ചു. കേരളത്തിലെ ബിജെപി നേതൃത്വം ചെയ്ത കാര്യങ്ങൾ സാമൂഹ്യ വിചാരണയ്ക്ക് വിധേയമാക്കണം. കേരള ജനതയുടെ തിരിച്ചറിയൽ ശേഷിയെ വില കുറച്ചു കാണരുത്. രാജീവ് ചന്ദ്രശേഖർ കളിച്ച കളി സിബിഐ സിനിമയിലെ ടെയ്ലർ മണിയുടേതാണ്. ദീപിക വിമർശനം ടെയ്ലർ മണിമാർക്കുള്ള മുഖത്തേറ്റ അടിയാണ്. ചില സഭകൾ ബിജെപിയെ പ്രശംസിച്ചത് ദൗർഭാഗ്യകരമാണെന്നും നിലപാട് അവർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എ.എ. റഹീം എംപി പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടാതിരുന്നതിനെയും എ.എ. റഹീം വിമർശിച്ചു. എവിടെപ്പോയി ഭരത് ചന്ദ്രൻ ഐപിഎസ് എന്നാണ് എ.എ. റഹീം ചോദിച്ചത്. സുരേഷ് ഗോപി ജീവിക്കുന്നത് സിനിമയിലാണ്. താരപ്രഭ കണ്ടപ്പോൾ ജനങ്ങൾക്ക് അബദ്ധം പറ്റി. സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് പോയ ആളുകളായിരിക്കും ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നത്. അതവർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റഹീം എംപി കൂട്ടിച്ചേർത്തു.