
ആലപ്പുഴ: പാർട്ടിയിൽ അസാധാരണ മികവുള്ള യുവനേതാക്കൾ ഇല്ലെന്ന വിമർശനവുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. പാർട്ടിയിലും സർക്കാരിലും യുവനേതാക്കളുടെ പ്രകടനം ശരാശരി മാത്രമെന്നാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ജി. സുധാകരൻ തുറന്നടിച്ചത്. സിപിഐഎം കൊണ്ടുവന്ന 75 വയസ് എന്ന പ്രായപരിധിയേയും അഭിമുഖത്തിൽ സുധാകരൻ വിമർശിച്ചു. ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രായപരിധി എന്ന നിബന്ധനയില്ലെന്നും സുധാകരൻ പറഞ്ഞു.
"പാർട്ടിയിലും സർക്കാരിലും യുവനേതാക്കളുടെ പ്രകടനം ശരാശരി മാത്രം. ശരാശരിക്ക് മുകളിൽ മികച്ച പ്രകടനമുള്ള ഒരു യുവനേതാവും പാർട്ടിയിലും സർക്കാരിലുമില്ല. യുവാക്കൾ നേതൃനിരയിലേക്ക് വരുന്നത് പ്രോത്സാഹിപ്പിക്കാനാണെങ്കിൽ പാർട്ടിയിൽ എല്ലായ്പ്പോഴും യുവാക്കൾക്ക് പരിഗണന നൽകിയിരുന്നു. ഇപ്പോഴത്തെ 75 വയസ് എന്ന പ്രായപരിധി സ്ഥിരമായ ഒന്നല്ല, എപ്പോൾ വേണമെങ്കിലും അതിൽ മാറ്റം വരാം", ജി. സുധാകരൻ.
സിപിഐഎം വിടുമെന്ന പ്രചരണങ്ങളേയും സുധാകരൻ തള്ളിക്കളഞ്ഞു. ദേശീയ സംസ്ഥാന തലത്തിൽ വിവിധ പാർട്ടികളിൽ നിന്ന് ക്ഷണമുണ്ടായിരുന്നു. പക്ഷേ സ്കൂൾ കാലം മുതൽ കമ്മ്യൂണിസ്റ്റാണെന്നും ഇനിയുള്ള കാലവും കമ്മ്യൂണിസ്റ്റായി തുടരുമെന്നും സുധാകരൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ അഴിമതിക്കെതിരാണ് എന്ന് പറയുമ്പോഴും 2021 മുതൽ അഴിമതിക്കെതിരെ ശക്തമായ നടപടികൾ കാണാൻ കഴിയുന്നില്ലെന്നും സുധാകരൻ പരോക്ഷമായി വിമർശിച്ചു. കഴിഞ്ഞ തദ്ദേശ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആലപ്പുഴ ജില്ലയിൽ ബിജെപി വലിയ വളർച്ച നേടിയെന്നും ജി. സുധാകരൻ പറയുന്നു.