ആഷിഖ് അബു, സിപിഐഎം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയൻ Source: X
KERALA

പിണറായിയുടെ ചിത്രം, ചെ ഗുവാരയുടെ അവസാന വാക്കുകൾ; പിന്തുണയുമായി ആഷിഖ് അബു

പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിലാണ് എൻഫോഴ്‌സ്മെന്റ് റെയ്‌ഡ് നടന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്‌‌ഡ് നേരിട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്തുണ അറിയിച്ച് സംവിധായകൻ ആഷിഖ് അബു. സമൂഹമാധ്യമത്തിലൂടെയാണ് ആഷിഖ് നിലപാട് വ്യക്തമാക്കിയത്. ഇ.ഡിയുടെ പരിശോധന പൂർത്തിയായ ശേഷം വീടിന് പുറത്ത് സംഘടിച്ചിരുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ചെറിയ ഒരു ഉദ്ധരണി കൂടി ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

1967 ഒക്ടോബർ ഒൻപതിന്, സോഷ്യലിസ്റ്റ് വിപ്ലവകാരിയായ ചെ ഗുവാര, ബൊളീവിയൻ സൈനികനായ സാർജന്റ് മാരിയോ ടെറാനോട് പറഞ്ഞ ധീരമായ വാക്കുകളാണ് പിണറായി വിജയന്റെ ചിത്രത്തിനൊപ്പം ആഷിഖ് അബു കുറിച്ചത്. തന്നെ കൊലപ്പെടുത്താൻ നിയോഗിക്കപ്പെട്ട മാരിയോ മടിച്ചുനിൽക്കുന്നത് കണ്ട് ചെ പറഞ്ഞ അവസാന വാക്കുകൾ: "നീ എന്നെ കൊല്ലാൻ വന്നതാണെന്ന് എനിക്കറിയാം. നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്."

അതേസമയം, ഇ.ഡിയുടേത് പ്രതിപക്ഷ നേതാക്കൾക്ക് എതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇ.ഡിയുടെ ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സിഎംആർഎൽ - എക്സാലോജിക്ക് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 ഇടങ്ങളിലാണ് എൻഫോഴ്‌സ്മെന്റ് റെയ്‌ഡ് നടന്നത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടന്നത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ പരിശോധന ഏഴ് മണിക്കൂറിന് മുകളിൽ നീണ്ടു. ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസിന്റെ കൊഴിക്കോട്ടെ വീട്, സിഎംആർഎൽ ഓഫീസ്, എംഡി എസ്.എൻ. ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിലും റെയ്‌ഡ് നടന്നു.

SCROLL FOR NEXT