സിഡബ്ല്യുസി അം​ഗങ്ങളും നിധിയും  Source: News Malayalam 24x7
KERALA

കേരളത്തിൻ്റെ 'നിധി' ജാർഖണ്ഡിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുഞ്ഞ് സിഡബ്ള്യുസിയുടെ സംരക്ഷണയിൽ

കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാർഖണ്ഡ് സിഡബ്ള്യുസിക്ക് കൈമാറുന്നത്

Author : ന്യൂസ് ഡെസ്ക്

പ്രസവശേഷം ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ജാർഖണ്ഡിലേക്ക്. നിധി എന്ന് ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ജാർഖണ്ഡ് സിഡബ്ള്യുസിയുടെ സംരക്ഷണയിൽ കഴിയും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കൾക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജാർഖണ്ഡ് സിഡബ്ള്യുസിക്ക് കൈമാറുന്നത്. കുഞ്ഞുമായി സിഡബ്ല്യുസി അധികൃതരും പൊലീസും അടങ്ങിയ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ പുറപ്പെട്ടു.

കുഞ്ഞിന് 22 ദിവസം പ്രായമുള്ളപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് കടന്നു കളഞ്ഞത്. കേരളത്തിന്റെ ഹൃദയത്തോട് കുഞ്ഞിനെ ചേർത്ത് നിർത്തി ആരോഗ്യമന്ത്രിയാണ് കുഞ്ഞിന് നിധി എന്ന് പേരിട്ടത്. പിന്നീട് നിധി കേരളത്തിന്റെ മകളായി. ചികിത്സയ്ക്കു ശേഷം ആരോഗ്യവതിയായ കുഞ്ഞ് ജില്ലയിലെ ശിശുഭവനിലായിരുന്നു. നിധിയെ ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്കു കൈമാറാൻ എറണാകുളം ജില്ല ശിശുക്ഷേമ സമിതി നേരത്തേ തീരുമാനിച്ചിരുന്നു.

കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ– രഞ്ജിത ദമ്പതികളാണ് ജനുവരി 29 ന് കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. കുഞ്ഞിനെ ഏറ്റെടുക്കാൻ വേണ്ട സാമ്പത്തിക ശേഷി ഇല്ലെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് ജാർഖണ്ഡ് സിഡബ്ള്യുസിക്ക് കുഞ്ഞിനെ കൈമാറുന്നത്.

SCROLL FOR NEXT