അപകടത്തിൽപ്പെട്ട ഹിറ്റാച്ചി Source: Screengrab / News Malayalam 24x7
KERALA

പയ്യനാമണ്ണിലെ ക്വാറിയിൽ വീണ്ടും പാറ ഇടിഞ്ഞുവീണു; മരിച്ചത് ഒഡിഷ സ്വദേശി, ബിഹാർ സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

പണി നടക്കുന്നതിനിടെ ഹിറ്റാച്ചി വാഹനത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ക്വാറി അപകടത്തിൽ ഒരു മരണം. പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശിയായ മഹാദേവ് പ്രധാൻ (51) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളി ബിഹാർ സ്വദേശി അജയരാജിനായുള്ള (38) തെരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം, രാത്രി ഏഴ് മണിയോടെ പയ്യനാമണ്ണിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന അതേസ്ഥലത്ത് വീണ്ടും പാറ ഇടിഞ്ഞുവീണതായി ന്യൂസ് മലയാളം ആദ്യം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തകൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

പണി നടക്കുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായുമാണ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് ഇവർ. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഹിറ്റാച്ചി പാറക്കല്ലുകള്‍ക്ക് ഇടയില്‍ മൂടിപ്പോയ നിലയിലാണ്. പാറക്കല്ലുകള്‍ ഇടയ്ക്കിടെ അടര്‍ന്നുവീഴുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

SCROLL FOR NEXT