KERALA

ഇടുക്കിയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് കമ്പം സ്വദേശികളായ മൂന്ന് പേരാണ് ഓടയിൽ കുടുങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് കമ്പം സ്വദേശികളായ മൂന്ന് പേരാണ് ഓടയിൽ കുടുങ്ങിയതിന് പിന്നാലെ മരിച്ചത്. ഇന്ന് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

ആഴമേറിയ മാൻ ഹാളിലാണ് തൊഴിലാളികൾ ഇറങ്ങിയത്. ഓടയിലെ ഓക്സിജൻ്റെ അളവ് കുറയാതിരിക്കാൻ ഓക്സിജൻ ടാങ്ക് അടക്കം ഓടയിലേക്കിറക്കിയും ജെസിബി എത്തിച്ച് മണ്ണുമാന്തിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൂന്ന് പേരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം ഓടയിലിറങ്ങിയ തൊഴിലാളി അപകടത്തിൽ പെട്ടുവെന്ന് മനസിലായതോടെ രക്ഷിക്കാനായി മറ്റു രണ്ടു തൊഴിലാളികളും ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. അപകടവിവരം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹാത്തോടെ ഓടയ്ക്ക് സമീപമുള്ള ഇന്റർലോക്ക് മാറ്റിയാണ് ജെസിബി ഉപയോ​ഗിച്ച് മണ്ണുമാന്തി രക്ഷാപ്രവർത്തനം നടത്തിയത്.

SCROLL FOR NEXT