കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഐഎം നേതാവും പയ്യന്നൂർ മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. "കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും. ചീമേനി കേസിൽ കോടതി വെറുതെ വിട്ടവർ ഇന്ന് ജീവനോടെ ഇല്ല," എന്നായിരുന്നു കൊലവിളി. ഇതിനൊപ്പം ജഡ്ജിക്കെതിരേയും ടി.ഐ. മധുസൂദനൻ വിമർശനം നടത്തി. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത് ഭാഗ്യമെന്നായിരുന്നു ടി.ഐ. മധുസൂദനൻ്റെ ആക്ഷേപം. കൂത്തുപറമ്പ് അനുസ്മരണ പരിപാടിയിലായിരുന്നു ഈ വിവാദ പരാമർശങ്ങൾ.
"ഞങ്ങളെ പരിഹസിക്കുന്നവര്‍ ആലോചിക്കുക. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. തെരുവിലിറങ്ങിയാല്‍ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. നിങ്ങളുടെയൊന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതു കൊണ്ടാണ്. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാൻ പരിശ്രമിക്കരുത്. കിട്ടേണ്ടത് കിട്ടിയിരിക്കും. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തെ വേട്ടയാടുന്നവരോട് നന്നായിട്ട് ആലോചിച്ച് എഴുതിയാൽ മതിയെന്ന വിനയമുള്ള അഭ്യർഥനയാണുള്ളത്," മധുസൂദനന് പറഞ്ഞു.
ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങള്‍. വി. കുഞ്ഞികൃഷ്ണനെ രാഷ്ട്രീയ നപുംസകം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിൻ്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കല്പ്പത്തോണിയില് യാത്ര ചെയ്യാമെന്നും മുൻ എംഎൽഎ പരിഹസിച്ചു.
"സിപിഐഎം എഴുതിക്കൊടുത്തിട്ടാണോ ഇന്നവരെ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നത്. ധനരാജിൻ്റെ വീടിന് തൊട്ടുമുന്നിലുള്ള സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയാണ് സംഭവത്തിൻ്റെ ദൃക്സാക്ഷി. അയാളാണ് ഒന്നാംസാക്ഷി. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമല്ല. അയാൾ സിപിഐഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. ബാങ്ക് ജീവനക്കാരനാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് കോടതി പറയുന്നത്. നിങ്ങൾ അംഗീകരിക്കേണ്ട. പക്ഷേ ഈ കോടതികളും ഈ ഭരണകൂട സംവിധാനങ്ങളും നമ്മളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ച് പേരെ ചുട്ടുകരിച്ച് കൊന്ന ചീമേനിയിലെ സംഭവത്തിൽ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല. പക്ഷേ അവരാരും ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നില്ലെന്ന കാര്യം മനസിലാക്കുന്നത് നല്ലതാണ്," മധുസൂദനന് പറഞ്ഞു.