KERALA

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ എത്തിച്ചാൽ 1000 മുതൽ 2000 വരെ കൂലി: മൊഴി നൽകി പ്രതി

ആഴ്ച്ചയിൽ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നും പൊലീസിന് പ്രതി മൊഴി നൽകി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ മൊബൈൽ എത്തിക്കാൻ കൂലി ഉണ്ടെന്ന് പ്രതി അക്ഷയ്‍യുടെ മൊഴി. മൊബൈൽ എറിഞ്ഞ് നൽകിയാൽ 1000 മുതൽ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങൾ നേരത്തെ അറിയിക്കും. ആഴ്ച്ചയിൽ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നും പൊലീസിന് പ്രതി മൊഴി നൽകി. മൊബൈൽ എറിഞ്ഞ് നൽകിയ സംഘത്തിൽ സ്വർണക്കടത്ത് കേസിൽ പെട്ടവരുമുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസമാണ് തടവുകാർക്ക് ഫോൺ എറിഞ്ഞുകൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി കെ. അക്ഷയ് പിടിയിലായത്. ജയിൽ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ചത്. ഇത് ശ്രദ്ധിയിൽ പെട്ട വാർഡൻമാരാണ് ഇയാളെ പിടികൂടിയത്.

മൊബൈൽ ഫോണിനൊപ്പം ബീഡിയും പുകയില ഉൽപന്നങ്ങളും എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചിരുന്നു. അക്ഷയ്​ക്കൊപ്പം രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ഇവർ വാർഡൻമാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം കണ്ണൂർ ടൗൺ പൊലീസ് തുടരുകയാണ്.

SCROLL FOR NEXT