കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മാധ്യമങ്ങളെ കാണുന്നു  Source: News Malayalam 24x7
KERALA

കോട്ടയം മെഡിക്കൽ കോളേജ് അപകടം: 'മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചു'; സൂപ്രണ്ടിനെതിരെ നടപടിക്ക് സാധ്യത

ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന മന്ത്രിയുടെ പ്രസ്ഥാവനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ വ്യാഴാഴ്ച രാത്രി തന്നെ രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടിക്ക് സാധ്യത. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടില്ല എന്ന് മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചതിലാണ് നടപടി. സൂപ്രണ്ടിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിമാരായ വീണാ ജോർജിന്റെയും വി.എൻ വാസവന്റെയും പ്രതികരണം.

ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന മന്ത്രിയുടെ പ്രസ്ഥാവനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ വ്യാഴാഴ്ച രാത്രി തന്നെ രംഗത്തെത്തിയിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അപകടം നടന്നതിന് പിന്നാലെ 15 മിനിറ്റിനകം വാർഡുകൾ ഒഴിപ്പിക്കാൻ സാധിച്ചുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.

രോഗികളെ നിർബന്ധിച്ച് ഡിസ്‌ചാർജ് ചെയ്തുവെന്ന ആരോപണം തെറ്റെന്ന് സൂപ്രണ്ട് പറഞ്ഞു. ഡിസ്ചാർജ് നിശ്ചയിച്ചവർക്ക് മാത്രമാണ് ഡിസ്‌ചാർജ് നോട്ടീസ് നൽകിയത്. അല്ലാത്ത ആരെയെങ്കിലും ഡിസ്ചാർജ് ചെയ്തിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

അതേസമയം മരിച്ച ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ നടക്കും. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡ് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രി ആദ്യഘട്ടത്തിൽ നൽകിയ വിശദീകരണം. മന്ത്രി വിശദീകരണം നൽകുന്ന സമയത്ത് തലയോലപ്പറമ്പ് സ്വദേശി ബിന്ദു അവശിഷ്ടങ്ങൾക്കിടയിൽ മരണത്തോട് മല്ലടിച്ച് കിടക്കുകയായിരുന്നു.

യുവതിയുടെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പലയിടത്തും പ്രതിപക്ഷം പ്രതിഷേധ ജാഥകൾ സംഘടപ്പിക്കുകയും മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. സർക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കെട്ടിടം തകർന്നിട്ടും രക്ഷാപ്രവർത്തനം ശരിയായ രീതിയിൽ നടന്നിട്ടില്ലെന്നാണ് ചാണ്ടി ഉമ്മൻ്റെ പ്രതികരണം.

SCROLL FOR NEXT