ഇടുക്കി: തൊടുപുഴയിൽ വി.ഡി. സതീശൻ അനുകൂല പ്രകടനത്തിയ നാല് നേതാക്കൾക്ക് എതിരെ നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് നടപടി. നാല് പേരെയും പദവികളിൽ നിന്ന് നീക്കി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി.
ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, റോബിൻ മൈലാടി എന്നിവരെയാണ് പദവികളിൽ നിന്ന് നീക്കം ചെയ്തത്. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് ഡിസിസി നടപടിയെടുത്തത്.
അതേസമയം, മുഖ്യമന്ത്രി പോരിൽ കോൺഗ്രസിലെ ഫ്ലെക്സ് യുദ്ധവും പ്രകടനവും കനക്കുകയാണ്. കെപിസിസി ആസ്ഥാനത്തിന് മുൻപിൽ വച്ച കെ.സി. അനുകൂല ഫ്ലെക്സ് കരിയോയിൽ ഒഴിച്ച് നശിപ്പിച്ചു. എറണാകുളത്തും കോഴിക്കോടും വീണ്ടും സതീശൻ അനുകൂല ഫ്ലെക്സുകൾ ഉയർന്നു. രാഹുൽ ഗാന്ധിയുടെ സമൂഹ മാധ്യമ പോസ്റ്റിൽ സതീശനായി ഒന്നരലക്ഷം കമൻ്റുകളാണ് അനുകൂലികൾ ഇട്ടത്.