Source: News Malayalam 24x7
KERALA

മന്ത്രിക്ക് വിരുന്നൊരുക്കിയതിൽ നടപടി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

തൃശൂർ അഷ്ടമിചിറ സ്വദേശി പി.എസ്. അബ്ദുൾ റഹ്മാനെയാണ് പുറത്താക്കിയത്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മന്ത്രി ഒ.ജെ. ജനീഷിന് വിരുന്നൊരുക്കിയതിൻ്റെ പേരിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഐ. തൃശൂർ അഷ്ടമിചിറ സ്വദേശി പി.എസ്. അബ്ദുൾ റഹ്മാനെയാണ് പുറത്താക്കിയത്. സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി.

തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിലൊരുക്കിയ ഭക്ഷണം നൽകുകയായിരുന്നെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അബ്ദുറഹ്മാൻ പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. 50 വർഷത്തിലധികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാണ്. പക്ഷെ ഇത്തരമൊരു കാര്യത്തിൽ തനിക്കെതിരെ നടപടി സ്വീകരിച്ച ബ്രാഞ്ചിൻ്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ല. തുടർനടപടികളുമായോ പരാതിയുമായോ മുന്നോട്ട് പോകുന്നില്ല. സിപിഐയുടെ നേതാക്കളടക്കമുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ടു, എന്നാൽ അവരോടൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും അബ്ദുറഹ്മാൻ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അബ്ദുറഹ്മാൻ വിട്ടുനിൽക്കുകയായിരുന്നുവെന്ന് സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് സെക്രട്ടറി എ.കെ. ഗംഗാധരൻ പറഞ്ഞു. വർഷങ്ങളായി സിപിഐ പ്രവർത്തകൻ ആയിരുന്നെങ്കിലും നിർണായകമായൊരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അബ്ദുറഹ്മാൻ എൽഡിഎഫിനൊപ്പം നിൽക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ആളാണ് അദ്ദേഹം, അത്തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങിയുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ ഭാഗമായി ഉണ്ടായി. ഒരു ഘട്ടത്തിൽ സിപിഐക്ക് ഒപ്പമായിരുന്നു എന്ന് പറയുന്ന അബ്ദുറഹ്മാൻ സിപിഐഎമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും നേരത്തെ ശ്രമിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളൊക്കെ നിലവിലുള്ളപ്പോഴാണ് മന്ത്രി ഒ.ജെ. ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയത്. ബ്രാഞ്ച് യോഗത്തിൽ അംഗങ്ങളൊന്നാകെ ഇദ്ദേഹത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതായും യോഗത്തിൽ ചർച്ച ചെയ്താണ് അച്ചടക്കനടപടി എടുത്തതെന്നും എ.കെ. ഗംഗാധരൻ പറഞ്ഞു.

SCROLL FOR NEXT