'കെ.ആർ. മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിൽ സാമ്യം?'; സാഹിത്യരംഗത്ത് ചൂടേറിയ ചർച്ച

ഹരിതയുടെ സിന്നും മീരയുടെ കലാച്ചിയും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയെന്ന് സാഹിത്യ പ്രേമികൾ...
'കെ.ആർ. മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിൽ സാമ്യം?'; സാഹിത്യരംഗത്ത് ചൂടേറിയ ചർച്ച
Source: FB
Published on
Updated on

എറണാകുളം: പ്രമുഖ എഴുത്തുകാരികളായ കെ.ആർ. മീരയുടെയും ഹരിതാ സാവിത്രിയുടെയും നോവലുകളിലെ സാമ്യത്തെ ചൊല്ലി സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ച. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ സിന്നും 2025ൽ പുറത്തിറങ്ങിയ കലാച്ചിയും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയെന്ന് സാഹിത്യ പ്രേമികൾ. രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ്.

അതേസമയം, ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കൾ ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകളും കാലവും ലിംഗവും മാറ്റുകയെന്ന ഹരിതാ സാവിത്രിയുടെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മെയ് അഞ്ചിനാണ് ഹരിത ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. ഇതുവരെയും കെ.ആർ. മീര അതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'കെ.ആർ. മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിൽ സാമ്യം?'; സാഹിത്യരംഗത്ത് ചൂടേറിയ ചർച്ച
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംഭവം: അധ്യാപകൻ്റെ സസ്പെൻഷൻ പിൻവലിക്കും

ഹരിതാ സാവിത്രിയുടെ പോസ്റ്റിൻ്റെ പൂർണരൂപം:

ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ

നിങ്ങൾ വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങള്‍ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?

കാരണം, അതവര്‍ ഭംഗിയായി പൊതിഞ്ഞുവച്ചു.

പല മാർഗ്ഗങ്ങൾ ഇവര്‍ ഉപയോഗിക്കാറുണ്ട്.

1. ചിത്രം അതേപടി സൂക്ഷിച്ചിട്ട് വാക്കുകള്‍ മാറ്റുകയാണ് ഒരു വഴി. നിങ്ങളുടെ വാചകം എടുത്ത് സമാനമായ അര്‍ഥം വരുന്ന പദങ്ങൾ ഉപയോഗിച്ചു മാറ്റിയെഴുതും. “രാമൻ പെട്ടെന്നുണർന്നു” എന്നത് “ഉറക്കം രാജുവിനെ വിട്ടുപോയി” എന്നാക്കും.

ഫലം: ‘പകർപ്പ്’ എന്ന് ആരും പറയില്ല. പക്ഷേ ആ രംഗത്തിന്റെ ആത്മാവ് നിങ്ങളുടേതാണ് എന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയും .

2. ലിംഗവും കാലവും മാറ്റുന്നത് മറ്റൊരു രീതിയാണ്. നിങ്ങളുടെ നായകൻ പുരുഷനും ടീച്ചറുമാണെങ്കിൽ കോപ്പിയടിക്കുന്നയാള്‍ തന്റെ പ്രധാന കഥാപാത്രത്തെ ഒരു സ്ത്രീയും ഡോക്ടറുമാക്കും. ഗ്രാമത്തിലെ കഥയെ നഗരത്തിലേക്കു മാറ്റും.

ഫലം: രൂപം മാറുന്നു. എന്നാൽ അസ്ഥികൂടം നിങ്ങളുടേതു തന്നെ.

3. തർജ്ജമ ചെയ്ത് സ്വന്തമാക്കുന്നവരുണ്ട്‌. നിങ്ങളുടെ നോവൽ തമിഴിലേക്കോ കന്നഡയിലേക്കോ ഇംഗ്ലീഷിലേക്കോ മൊഴിമാറ്റാം. രാധയെ റേച്ചൽ ആക്കാം. കൊച്ചിയെ ‘കൊളംബിയ’ ആക്കാം.

ഫലം: ഒരേ കഥ, രണ്ട് ഭാഷകൾ.

4. രംഗങ്ങൾ കൂട്ടിക്കലർത്തി സമർത്ഥമായി സ്വന്തമാക്കാൻ കഴിയും. നിങ്ങളുടെ ഒന്നാം അദ്ധ്യായത്തിലെ രംഗം പത്താം അദ്ധ്യായത്തിലാക്കും. ഫ്ളാഷ്ബാക്കിന്റെ ഇടം മാറ്റും.

ഫലം: ക്രമം തെറ്റും. പക്ഷേ കഥ നിങ്ങളുടേതു തന്നെ.

5. ആരാധകൻ എന്ന വേഷത്തില്‍ വരുന്ന സാഹിത്യമോഷ്ടാക്കളുണ്ട്. ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ് എന്നു പറഞ്ഞ് നിങ്ങളുടെ കഥാപാത്രങ്ങളെ സ്വന്തമാക്കും.

ഫലം: പ്രതികരിച്ചാല്‍ അയ്യോ, നിങ്ങളോടുള്ള ആദരവ് പ്രകടമാക്കിയതാണ് എന്നു മറുപടി ലഭിക്കും.

6. AI ഉപയോഗിച്ചുള്ള മോഷണം പുതിയ കാലത്തെ രീതിയാണ്. നിങ്ങളുടെ നോവല്‍ AI ടൂളിലിട്ട് ‘റീറൈറ്റ്’ ചെയ്യിക്കും. ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രയാസമില്ല.

ഫലം: ആശയങ്ങൾ നിങ്ങളുടേതു തന്നെ, പക്ഷെ...

7. ‘പെയിന്റ് ഓവർ’ എന്ന ഏറ്റവും നീചമായ മോഷണരീതി

ഇത് നേരിട്ടുള്ള കോപ്പിയടിയല്ല. ഇത് ബുദ്ധിയും എഴുതാനുള്ള കഴിവുമുള്ള പിശാചുക്കള്‍ക്ക് മാത്രം കഴിയുന്ന കളിയാണ്.

നിങ്ങളുടെ കഥ അവര്‍ എടുക്കും. മറ്റു കഥകള്‍ കൊണ്ട് അതിനെ ഭംഗിയായി പൊതിയും.

മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടും. രാത്രിയെ പകലാക്കും. മഴയെ മഞ്ഞാക്കും. പക്ഷെ ആ അക്ഷരങ്ങൾക്കുള്ളില്‍ അപ്പോഴും നിങ്ങള്‍ക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം.

നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ.

അവര്‍ക്ക് കൂട്ടിനു പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും.

കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം.

സംഭവത്തിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേർ രംഗത്തെത്തി. കലാച്ചി 2020ൽ പ്രസിദ്ധീകരിച്ചു എന്ന് എഴുത്തുകാരി രാധിക സി. നായർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം:

മീരയുടെ ഫാനും

മിക്സിയുമൊന്നുമല്ല.

സത്യം സത്യമായി പറയുകയും എഴുതുകയും വേണമല്ലോ.

അല്ലാതെ ആൾക്കൂട്ടപ്പിന്തുണയുണ്ട് എന്ന് തെറ്റിദ്ധരിച്ച് ചിലർ അസത്യത്തെ സത്യമാക്കാനും ഇല്ലാത്തതു വിളിച്ചു പറയാനും ശ്രമിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല

2020 ൽ ആണ് കെ ആർ മീരയുടെ കലാച്ചി ട്രൂ കോപ്പി തിങ്കിൽ അച്ചടിക്കുന്നത്.

പാപം ചെയ്തിട്ടും കല്ലെറിയുന്നവർ 2022 ൽ എഴുതിയത് 2020 ൽ പകർത്തണമെങ്കിൽ മീര ടൈം ട്രാവലറിൽ യാത്ര ചെയ്യണം

20ലെ നോവൽ 22 ൽ അല്ലേ മോഷ്ടിക്കാൻ പറ്റൂ

22ലെ നോവൽ 20 ലേ കോപ്പിയടിക്കാൻ പറ്റുമോ

ശ്ശോ ഈ കണക്കങ്ങോട്ട് ശരിയാവണില്ലല്ലോ

News Malayalam 24x7
newsmalayalam.com