കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ നടപടി തിങ്കളാഴ്ച വരെ തുടരും. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുന്ന സാഹചര്യത്തിലാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വേടനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ കോടതി സാവകാശവും അനുവദിച്ചു.
ബലാത്സംഗ കേസില്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മൂന്ന് ദിവസമായി ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ജാമ്യത്തെ എതിര്‍ത്ത പരാതിക്കാരിയോട് ജാമ്യം നല്‍കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ പറയൂവെന്ന് ഇന്ന് കോടതി പറഞ്ഞു.
ലക്ഷക്കണക്കിന് പേര്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ് വേടനെന്നും ജാമ്യം നല്‍കിയാല്‍ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കുമെന്നായിരുന്നു പരാതിക്കാരിയുടെ വാദം. അതിനാല്‍ ജാമ്യം നല്‍കരുതെന്നും നിരവധി പേരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വേടനെതിരായി ഉണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
എന്നാല്‍, ഫേസ്ബുക്കിലെ പോസ്റ്റുകള്‍ മാത്രം പറയരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം. പരാതിക്കാരിയുടെ മൊഴി കോടതിക്കു മുന്നിലുണ്ട്. മൂന്നാമതൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതിയില്‍ പറയേണ്ടതില്ലെന്നും ജഡ്ജി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കോടതികള്‍ പരിഗണിക്കാറുണ്ടെന്ന് അഭിഭാഷക പറഞ്ഞപ്പോള്‍ ഏത് കോടതി, ഏത് പോസ്റ്റ് എന്നായിരുന്നു ചോദ്യം. ഇതോടെ, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു.
തിങ്കളാഴ്ച വരെയാണ് വേടനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയത്. തിങ്കളാഴ്ച വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. വേടനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് തിങ്കളാഴ്ച വരെ സാവകാശം അനുവദിച്ചു.