
കൊച്ചി: ബലാത്സംഗ കേസില്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേരള ഹൈക്കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. വാദം കേള്‍ക്കുന്നതു വരെ വേടന്റെ അറസ്റ്റും ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.
യുവ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ പരാതി. പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം വേടനും പരാതിക്കാരിയായ യുവതിയും 2021 വരെ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നു. ആരാധികയായിട്ടാണ് പരാതിക്കാരി വേടനെ പരിചയപ്പെടുന്നത്. ക്രമേണ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍, ബന്ധം സ്വമേധയാ ഉള്ളതായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയുള്ളതായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വേടന്‍ വാദിക്കുന്നത്.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് സമ്മതിച്ചാല്‍ തന്നെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376, 376(2)(n) അനുസരിച്ച് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബലാത്സംഗ കുറ്റകൃത്യത്തിന്റെ നിയമപരമായ ഘടകങ്ങള്‍ പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
നിരവധി മുന്‍വിധികള്‍ ഉദ്ധരിച്ച്, വിവാഹ വാഗ്ദാനം ലംഘിക്കുന്നത്, പ്രത്യേകിച്ച് ദീര്‍ഘകാല സമ്മതത്തോടെയുള്ള ബന്ധത്തില്‍ തുടക്കം മുതല്‍ വാഗ്ദാനം വ്യാജമായിരുന്നില്ലെങ്കില്‍ അത് യാന്ത്രികമായി ബലാത്സംഗമായി മാറില്ലെന്നും വേടന്‍ വാദിച്ചു.
തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും പരാതികള്‍ നല്‍കി പണം തട്ടാനും ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണ് വേടന്റെ വാദം. തനിക്കും സുഹൃത്തുക്കള്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരുന്നുവെന്നും ഇത് ആസൂത്രിതമായ ക്യാമ്പെയിന്റെ ഭാഗമാണെന്നും വാദിക്കുന്നു.
അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനാവാശ്യമാണെന്നും പൊതുപ്രവര്‍ത്തകനും കലാകാരനുമായ തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, വേടന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയെ കോടതി അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരി വേടനെതിരെ വേറേയും ബലാത്സംഗ പരാതികള്‍ ഉണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും വാദിച്ചു.
വേടനു വേണ്ടി എസ്. രാജീവ്, വി. വിനയ്, എം.എസ്. അനീര്‍, ശരത് കെ.പി, അനില്‍കുമാര്‍ സി.ആര്‍, കെ.എസ്. കിരണ്‍ കൃഷ്ണന്‍, ദീപ വി, ആകാശ് ചെറിയാന്‍ തോമസ്, ആസാദ് സുനില്‍ എന്നിവരാണ് ഹാജരായത്. ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം ആരംഭിച്ചിട്ടില്ല. യുവഡോക്ടറുടെ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ പൊലീസിന് പിടികൂടാനായിരുന്നില്ല. വേടനെതിരെ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
വിവാഹവാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചതെന്നും ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയതായും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. മാനസികനില തകരാറിലായ താന്‍ ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവന്നതെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വാദത്തിനിടെ കോടതി സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.
പരസ്പരം സ്നേഹത്തിലായിരുന്ന സമയത്തുണ്ടായ ലൈംഗികബന്ധം ബലാത്സംഗക്കുറ്റമാകുമോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായതും സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയതായും പരാതിക്കാരി ചൂണ്ടികാട്ടി. സമൂഹ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സറാണോ അല്ലയോ എന്നതല്ല വ്യക്തി എന്നതാണ് പ്രശ്നം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നത്. പുരാണ കഥകള്‍ പറയേണ്ടതില്ലെന്നും ഹൈക്കോടതി വാദത്തിനിടെ പരാമര്‍ശം നടത്തി.