Source: Screengrab
KERALA

കെ.സി. വേണുഗോപാലുമായി നടത്തിയത് സൗഹൃദ സംഭാഷണം; നടന്ന കാര്യങ്ങൾ കെ.സി. ചോദിച്ചറിഞ്ഞു: പ്രേം കുമാർ

കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന ആളല്ല താൻ എന്നായിരുന്നു പ്രേം കുമാറിൻ്റെ മറുപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിലേക്ക് ക്ഷണിച്ച് ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേം കുമാർ. കെ.സി. വേണുഗോപാലുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയത്. നടന്ന കാര്യങ്ങൾ കെ.സി. വേണുഗോപാൽ ചോദിച്ചു. വേണുഗോപാലുമായി അടുത്ത സൗഹൃദമുണ്ട്. വാർത്തകൾ വന്നപ്പോൾ വിവരം അന്വേഷിച്ച് ആളുകൾ വിളിക്കുന്നുണ്ടെന്നും പ്രേംകുമാർ വ്യക്തമാക്കി. കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന ആളല്ല താൻ എന്നായിരുന്നു പ്രേം കുമാറിൻ്റെ മറുപടി. സർക്കാരിനോട് ഇടഞ്ഞ നടൻ കോൺഗ്രസിലേക്കെന്ന വാർത്ത വന്നതിനെ പിന്നാലെയായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നീരസം പരസ്യമാക്കിയ പ്രേം കുമാറിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫോണിൽ വിളിച്ച് കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രേം കുമാറുമായി ഇന്നലെ സംസാരിച്ചിരുന്നു. പിന്നാലെയാണ് കെ.സി. വേണുഗോപാലിൻ്റെ ഇടപെടൽ. എന്നാൽ കോൺഗ്രസിലേക്ക് പോകാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്നും ജീവിതത്തിൽ ദൈവനിശ്ചയപ്രകാരം നടക്കുന്ന കാര്യങ്ങൾക്കൊപ്പം മുന്നോട്ട് പോകുന്നതാണ് ശീലമെന്നുമായിരുന്നു പ്രേം കുമാറിന്റെ ആദ്യ പ്രതികരണം.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് മാന്യതയോടെയല്ല എന്നായിരുന്നു പ്രേം കുമാറിൻ്റെ തുറന്നുപറച്ചിൽ. ആശാസമരം പരിഹരിക്കുന്നതിൽ ഇടപെടണം എന്ന് പറഞ്ഞതോടെയാണ് മാറ്റിയത്. എന്നാൽ സിപിഐഎമ്മിനെതിരെയും സർക്കാരിനെതിരെയും സംസാരിച്ച സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയാണ്. ഇത് ഇരട്ട നീതിയാണെന്നും പ്രേം കുമാർ പറഞ്ഞിരുന്നു. അതൃപ്തി പരസ്യമാക്കിയതോടെയാണ് പ്രേം കുമാറിനെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നത്. അതേസമയം കോൺഗ്രസിൽ എത്തിയാലും പ്രേം കുമാറിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാനിടയില്ല.

SCROLL FOR NEXT