Source: Social Media
KERALA

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് കേസിലെ പുനരന്വേഷണ ഹർജി ഇന്ന് പരിഗണിക്കും

മൂന്നാമത്തെ ബെഞ്ചിന് മുന്നിലാണ് ഇന്ന് ഹർജി എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാമത്തെ ബെഞ്ചിന് മുന്നിലാണ് ഇന്ന് ഹർജി എത്തുന്നത്. ജസ്റ്റിസുമാരായ ജോബിൻ സെബാസ്റ്റ്യനും കൗസർ എടപ്പഗത്തും ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിവായിരുന്നു. ജസ്റ്റിസ് സി.എസ്. ഡയസിൻ്റെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നൽകിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

SCROLL FOR NEXT