സംവിധായകൻ സനൽകുമാർ ശശിധരന്‍ Source: Facebook / Sanalkumar Sasidaran
KERALA

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു, അപവാദ പ്രചാരണം നടത്തി, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു തുടങ്ങിയ പരാതികളാണ് സനൽകുമാർ ശശിധരനെതിരെയുള്ളത്. ഇ മെയില്‍ വഴിയാണ് നടി എളമക്കര പൊലീസിന് പരാതി നല്‍കിയത്. മൊഴിയും നല്‍കിയിരുന്നു. ജനുവരിയിൽ ആണ് സംവിധായകന് എതിരെ കേസെടുത്തത്‌. എന്നാല്‍ കേസെടുക്കുമ്പോള്‍ സനൽകുമാർ യുഎസിൽ ആയിരുന്നു. തിരിച്ച് നാട്ടിലെത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കാനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് സനല്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് ഇന്നലെ രാത്രിയോടെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം സനലിനെ കൊച്ചിയില്‍ എത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റും രേഖപ്പെടുത്തി.

ജാമ്യം ലഭിച്ചതിനു പിന്നാലെ സനല്‍ എല്ലാവർക്കും നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചു. "മാധ്യമങ്ങളും ഫേസ്ബുക്കും ചേർന്ന് ഒരിക്കൽ കൂടി എന്റെ ജീവൻ രക്ഷിച്ചു. മാധ്യമങ്ങളേയും ഫേസ്ബുക്കിനേയും ഞാൻ കാണുന്നത് സമൂഹം എന്നുതന്നെയാണ്. പ്രകടമായി കാണുന്ന ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കുമപ്പുറം ജീവനും മരണത്തിനുമിടയിലുള്ള ഒരു നൂൽപ്പാലത്തിൽ എനിക്ക് കാവൽ നിൽക്കുന്ന ഒരു ബദൽ സമൂഹമാണ് എന്റെ രക്ഷക്കെത്തിയത്. നന്ദി പറഞ്ഞു തീർക്കാനുള്ളതല്ല. എന്റെ ജീവിതം കൊണ്ടുഞാനത് ചെയ്തു കാണിക്കും. ഈ രണ്ടുദിവസങ്ങളിൽ എനിക്കൊപ്പം നിന്ന എനിക്കുവേണ്ടി പ്രാർത്ഥനയോടെ നിശബ്ദത തിന്ന എല്ലാ നല്ല ഹൃദയങ്ങളേയും സ്നേഹത്തോടെ മനസുകൊണ്ട് ആശ്ലേഷിക്കുന്നു," സനല്‍കുമാർ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുൻപും സനലിനെതിരെ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു. ആ കേസ് നിലനിൽക്കെയാണ് വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് നടി പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT