റിനി ആന്‍ ജോർജ് Source : Instagram
KERALA

സൈബർ ആക്രമണത്തിൽ പരാതിയുമായി നടി റിനി ആൻ ജോർജ്; പരാതിയിൽ രാഹുൽ ഈശ്വറിൻ്റെയും ഷാജൻ സ്കറിയയുടെയും പേരുകൾ

വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും പരാതിയിൽ നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തി പരാമർശങ്ങളിൽ പരാതി നൽകി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രി പിണറായി വിജയനും സൈബർ പൊലീസിനും, എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കാണ് റിനി ആൻ ജോർജ് പരാതി നൽകിയത്.

സമൂഹ മധ്യങ്ങളിലെ അപകീർത്തി പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയത്. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും പരാതിയിൽ നൽകിയിട്ടുണ്ട്.

യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് റിനി ആൻ ജോർജിനെതിരെ സൈബർ ആക്രമണമാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും, പോസ്റ്റുകളും പ്രചരിപ്പിച്ചത്. അതേസമയം, യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കില്ലെന്നും എന്നാൽ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ പറഞ്ഞിരുന്നു.

അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് യുവനേതാവിനെതിരായ നടിയുടെ ആരോപണം. 'അയാളുടെ' പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ കാര്യം പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് പറഞ്ഞിരുന്നു. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ 'അത് അവന്റെ മിടുക്ക്' എന്ന് പറഞ്ഞു. 'ഹൂ കെയേഴ്സ്' എന്നാണ് എപ്പോഴും അയാളുടെ മനോഭാവമെന്നുമായിരുന്നു റിനിയുടെ വാക്കുകൾ.

സമൂഹമാധ്യമം വഴി മൂന്നര വർഷം മുന്‍പാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് റിനി ആൻ ജോർജ് വെളിപ്പെടുത്തിയിരുന്നു. നല്ല സൗഹൃദമാണ് പ്രതീക്ഷിച്ചതെങ്കിലും ആദ്യം തന്നെ മോശം രീതിയിലാണ് 'അയാള്‍' സംസാരിച്ചത്. ഇദ്ദേഹത്തോട് ആദ്യം ദേഷ്യപ്പെട്ടു. സമൂഹത്തിന് മാതൃകയാവേണ്ട ആളല്ലേയെന്ന് ഉപദേശിച്ചു. പ്രമാദമായ സ്ത്രീ പീഡന കേസുകളില്‍ പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു ഇയാളുടെ മറുപടി എന്നും റിനി പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഈ വ്യക്തിയെപ്പറ്റി പല ആരോപണങ്ങള്‍ വന്നുവെങ്കിലും ഒരു സ്ത്രീയും വെളിപ്പെടുത്തലുമായി രംഗത്തുവരുന്നില്ല. മുഖ്യധാര മാധ്യമങ്ങള്‍ വാർത്ത ഏറ്റെടുത്തില്ല. അയാള്‍ കാരണം പീഡനം അനുഭവിച്ച പെണ്‍കുട്ടികള്‍ ധൈര്യമായി മുന്നോട്ട് വരണം. വലിയ ഒരു സംരക്ഷണ സംവിധാനം തന്നെ ഈ വ്യക്തിക്കുണ്ട്. പരാതിപ്പെടും എന്ന് പറഞ്ഞപ്പോള്‍ പോയി പറയാനാണ് തന്നോട് പറഞ്ഞതെന്നും റിനി വെളിപ്പടുത്തിയിരുന്നു.

SCROLL FOR NEXT