തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടി ചോദ്യം ചെയ്യലില്‍ 'അസ്വാഭാവികതയില്ല' എന്ന വാദം തിരുത്തി യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശ്. ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് അടൂര്‍ പ്രകാശ് തിരുത്തി പറഞ്ഞത്.
നോട്ടീസ് നല്‍കിയല്ല എസ്‌ഐടി വിളിപ്പിച്ചത്. ഫോണില്‍ വിളിച്ച് ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ നേരിട്ട് എസ്‌ഐടിക്ക് മുന്നില്‍ ഹാജരായി. വിളിപ്പിച്ചാല്‍ ഇനിയും എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും. ഒളിച്ചോടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ 10:30 മുതല്‍ രണ്ടര മണിക്കൂറാണ് അടൂര്‍ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പത്തെക്കുറിച്ച് എസ്‌ഐടി അടൂര്‍ പ്രകാശത്തില്‍ നിന്നും വിവരങ്ങള്‍ തേടി. അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
മണ്ഡലത്തില്‍ ഉള്ള ഒരു വ്യക്തി എന്നതില്‍ അപ്പുറത്തേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു അടുപ്പവും ഇല്ല എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മൊഴി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് വലിയ പ്രചാരണ ആയുധമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കേസില്‍ അടൂര്‍ പ്രകാശിന്റെ ചോദ്യം ചെയ്യല്‍.