അടൂർ പ്രകാശ്, ദിലീപ് 
KERALA

"പറഞ്ഞത് മുഴുവൻ സംപ്രേഷണം ചെയ്യാതെ തെറ്റിദ്ധരിപ്പിച്ചു, ഞാൻ എന്നും അതിജീവിതയ്‌ക്കൊപ്പം"; നിലപാടിൽ മലക്കംമറിഞ്ഞ് അടൂർ പ്രകാശ്

തൻ്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചെന്നും ന്യായീകരണം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ നിലപാട് വൻ വിവാദമായതോടെ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നീതി കിട്ടിയത് ദിലീപിനെന്ന നിലപാടിൽ നിന്ന് യൂ ടേണടിച്ച് അതിജീവിതയ്ക്ക് ഒപ്പമെന്ന് തിരുത്തി പറഞ്ഞിരിക്കുകയാണ് അടൂർ പ്രകാശ്. തൻ്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചെന്നും ന്യായീകരണം.

പറഞ്ഞത് മുഴുവൻ സംപ്രേഷണം ചെയ്യാതെ, ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചതിനാലാണ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടായത്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് തന്നെയാണ് പറഞ്ഞത്. നീതിന്യായ കോടതിയെ തള്ളിപ്പറയാൻ സാധിക്കില്ല. അതുകൊണ്ടാണ് അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും പറഞ്ഞത്. കോൺഗ്രസും യുഡിഎഫും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

സർക്കാർ അപ്പീൽ പോകുന്നതിനെക്കുറിച്ചുള്ള പരാമർശത്തിലും അടൂർ പ്രകാശ് കളം മാറ്റി. ഇത് ഒരു കള്ളക്കളി മാത്രമാണെന്നും അപ്പീൽ പോയതിന് ശേഷം നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും യുഡിഎഫ് കൺവീനർ പറയുന്നു.

അതേസമയം ദിലീപിനെ പിന്തുണച്ചായിരുന്നു അടൂർ പ്രകാശിൻ്റെ ആദ്യ പരാമർശം. ദിലീപിന് നീതി ലഭിച്ചെന്നും, അതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. സർക്കാർ അപ്പീൽ പോകുമെന്നാണ് പറയുന്നത്. വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് അപ്പീൽ പോകുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

SCROLL FOR NEXT