തിരുവനന്തപുരം:വോട്ടെടുപ്പ് ദിവസം സജീവ ചർച്ചയായി നടിയെ ആക്രമിച്ച കേസിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പ്രതികരണം. ദിലീപിന് നീതി ലഭിച്ചെന്ന അടൂർ പ്രകാശിൻ്റെ പ്രതികരണത്തെ തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. കോൺഗ്രസ് വേട്ടക്കാർക്ക് ഒപ്പമല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അടൂർ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീൽ പോകുന്നത് വേറെ പണി ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. ഇതിനെതിരെ എൽഡിഎഫിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. അടൂർ പ്രകാശിന്റെ അഭിപ്രായം കോൺഗ്രസിൻ്റെ അഭിപ്രായമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചിരുന്നു. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.
അടൂർ പ്രകാശിൻ്റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജും അഭിപ്രായപ്പെട്ടു. അതിജീവിതക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെയും കോൺഗ്രസിന്റെയും സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നത്. ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് അതിജീവിത എടുത്തത്. അതാണ് പോരാട്ടത്തെ നയിച്ചത് എന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
യുഡിഎഫ് ആർക്കൊപ്പം ആണെന്നതിൻ്റെ തെളിവാണ് അടൂർ പ്രകാശിൻ്റെ പ്രസ്താവനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് യുഡിഎഫാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.