പി.വി. അൻവർ, അടൂർ പ്രകാശ് 
KERALA

പുക കറുത്തതാണോ വെളുത്തതാണോ എന്ന് വൈകാതെ അറിയാം; അന്‍വറിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യം ഒന്ന്: അടൂര്‍ പ്രകാശ്

"പി.വി. അന്‍വര്‍ ഇപ്പോഴുള്ള നിലപാട് മാറ്റിയാല്‍ അദ്ദേഹത്തിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല"

Author : ന്യൂസ് ഡെസ്ക്

പി.വി. അന്‍വറിനെ തള്ളാതെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വറിന്റെ മുദ്രാവാക്യവും യുഡിഎഫിന്റെ മുദ്രാവാക്യവും ഒന്നാണെന്നും അന്‍വര്‍ രാജിവെച്ചത് പിണറായിസത്തിനെതിരെയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

പി.വി. അന്‍വര്‍ ഇപ്പോഴുള്ള നിലപാട് മാറ്റിയാല്‍ അദ്ദേഹത്തിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. യുഡിഎഫുമായി ഡീല്‍ ആയിട്ടുണ്ടെന്ന് പറയാനാവില്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുക കറുത്തതാണോ വെളുത്തതാണോ എന്ന് കാലതാമസമില്ലാതെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഷൗക്കത്തിനെ പിന്തുണയ്ക്കുക എന്നത് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അന്‍വര്‍ ആണെങ്കിലും മറ്റൊരാളാണെങ്കിലും ചെയ്യേണ്ടതാണ്. അന്‍വറിന് എങ്ങനെ സ്ഥാനാര്‍ഥിയാന്‍ സാധിക്കുമെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. പി.വി. അന്‍വര്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമാകാന്‍ ഇന്ന് ഒരു ദിവസം കൂടി കാത്തിരിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. ഇത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ വാക്കുകള്‍

പി.വി. അന്‍വര്‍ യുഡിഎഫിനൊപ്പം ചേരുന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. എന്തായാലും ഇനിയും സമയം ഉണ്ടല്ലോ. ആ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ പരഹിരിച്ച് പോകാം. യുഡിഎഫുമായി ഡീല്‍ ആയിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നില്ല. അത് ഞാന്‍ മാത്രം പറയേണ്ട കാര്യവുമല്ല. യുഡിഎഫിന്റെ വിവിധ നേതാക്കന്മാരുണ്ട്. കെപിസിസി പ്രസിഡന്റ് ഉണ്ട്. പ്രതിപക്ഷ നേതാവുണ്ട്. അതുപോലെ മുതിര്‍ന്ന മറ്റു നേതാക്കന്മാരൊക്കെയുണ്ട്. അവരുമായി ഒക്കെ ആലോചിച്ചുകൊണ്ടേ അത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കൂ. അന്‍വര്‍ ഇപ്പോഴുള്ള നിലപാടുകള്‍ മാറ്റിയാല്‍ ഒരു കാരണവശാലും അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വരില്ല. പുക കറുത്തതാണോ വെളുത്തതാണോ എന്ന് നിങ്ങള്‍ക്ക് വലിയ കാലതാമസമില്ലാതെ അറിയാന്‍ സാധിക്കും.

ഷൗക്കത്തിനെ പിന്തുണയ്ക്കുക എന്നത് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അന്‍വര്‍ ആണെങ്കിലും മറ്റൊരാളാണെങ്കിലും ചെയ്യേണ്ടതാണ്. കോണ്‍ഗ്രസ് ആണെങ്കിലും യുഡിഎഫ് വലുപ്പ ചെറുപ്പം കാണിക്കാറില്ല. ഇന്നത്തെ ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. അതില്‍ സന്തോഷിക്കുന്നു. അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വരില്ല. അനുരഞ്ജനത്തിന് സമയമുണ്ട്. ആ സമയം അദ്ദേഹം വിനിയോഗിക്കണം.

അന്‍വര്‍ രാജിവെച്ചത് പിണറായിസത്തിന് എതിരെയാണ്. അന്‍വറിന്റെ മുദ്രാവാക്യവും യുഡിഎഫിന്റെ മുദ്രാവാക്യവും ഒന്നാണ്. അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഒന്നിച്ചു പോകണം എന്ന് തന്നെയാണ് ആഗ്രഹം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി ഇടതുപക്ഷം വലവീശിയിരിക്കുകയാണ്. അവസാന നിമിഷം ആരാണ് വീഴുക എന്നത് അറിയാം. അന്‍വറുമായി ഡീല്‍ ആയെന്ന് പറയാനാകില്ല. അന്‍വര്‍ നിലപാട് മാറ്റിയാല്‍ സന്തോഷം.

SCROLL FOR NEXT