തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് പുല്ലൂരാം പാറ സ്കൂളിലെ കുട്ടിയെ അയോഗ്യയാക്കി. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ജ്യോതി ഉപാധ്യായ എന്ന കുട്ടിയെയാണ് അയോഗ്യയാക്കിയത്.
വിദ്യാർഥിയുടെ ശരിയായ പ്രായം തെളിയിക്കാൻ സ്കൂളിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കുട്ടിയെ അയോഗ്യയായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വകുപ്പ് വിളിച്ച ഹിയറിങ്ങിലും വിദ്യാർഥി ഹാജരായിരുന്നില്ല. കായികമേളയ്ക്ക് ശേഷം കുട്ടി തിരികെ നാട്ടിലേക്ക് മടങ്ങിയതായും സ്കൂളിന് കുട്ടിയെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്.
ഉത്തർ പ്രദേശ് സ്വദേശിയായ ജ്യോതി കായികമേളയിൽ രണ്ട് വെള്ളി മെഡൽ നേടിയിരുന്നു. ജൂനിയർ ഗേൾസ് വിഭാഗത്തിലായിരുന്നു കുട്ടി പങ്കെടുത്തത്. നൂറ് മീറ്ററിലും ഇരുനൂറ് മീറ്ററിലും മത്സരിച്ചാണ് കുട്ടി വെള്ളി മെഡൽ നേടിയത്. ഇതിൽ 100 മീറ്ററിനുള്ള മെഡൽ കുട്ടി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
മത്സരം കഴിഞ്ഞയുടൻ മറ്റ് സ്കൂളിലെ വിദ്യാർഥികളാണ് കുട്ടിക്ക് പ്രായക്കൂടുതലുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ കായിക മേള സംഘാടകരേയും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്. പിന്നീട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരുടേയും കുട്ടിയുടേയും ഹിയറിംഗ് വിളിക്കുകയായിരുന്നു.