തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. പുറത്താക്കൽ നടപടി ഉടൻ വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഉടൻ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വി.എം. സുധീരൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ, നടപടി വൈകിപ്പിക്കുന്നത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിലുമാണ്.
അതേസമയം, യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. രാഹുല്‍ ചിക്കമംഗളൂരിന് സമീപം ഹൊസൂരില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
പാലക്കാട് നിന്ന് രാഹുല്‍ പോയ റൂട്ട് മാപ്പും അന്വേഷണ സംഘം തയ്യാറാക്കി. ചുവന്ന കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് തമിഴ്‌നാട്ടിലേക്ക് കടന്നതെന്നും കണ്ടെത്തല്‍. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിൽ പോയ വഴി അന്വേഷണം സംഘം കണ്ടെത്തി. രാഹുലിനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സ്റ്റേഷനില്‍ എത്തി കീഴടങ്ങിയാല്‍ അത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. അതുകൊണ്ടുതന്നെ രാഹുലിനെ വേഗത്തില്‍ പിടികൂടാന്‍ ആണ് ശ്രമിക്കുന്നത്.