

കൊച്ചി: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസില്‍ ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ വ്യാപിപ്പിച്ച് പൊലീസ്. രാഹുല്‍ ചിക്കമംഗളൂരിന് സമീപം ഹൊസൂരില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
പാലക്കാട് നിന്ന് രാഹുല്‍ പോയ റൂട്ട് മാപ്പും അന്വേഷണ സംഘം തയ്യാറാക്കി. ചുവന്ന കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് തമിഴ്‌നാട്ടിലേക്ക് കടന്നതെന്നും കണ്ടെത്തല്‍. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടം പോയ വഴി അന്വേഷണം സംഘം കണ്ടെത്തി.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വാര്‍ത്ത വരുമ്പോള്‍ രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് കുന്നത്തൂര്‍ മേടിലെ ഫ്‌ലാറ്റിലേയ്ക്ക്. പിന്നാലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക്. സുഹൃത്തിന്റെ സഹായത്തോടെ കൊഴിഞ്ഞമ്പാറ വഴി തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തി. നടുപ്പുണി എത്തും മുമ്പ് സിസിടിവി ക്യാമറകള്‍ ഇല്ലാത്ത വഴിയില്‍ കാര്‍ ഉപേക്ഷിച്ചു. സുഹൃത്തിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലേക്ക് കടന്നു. രാഹുലിന്റെ സുഹൃത്തായ സിനിമ താരത്തിന്റെ ചുവന്ന പോളോ കാര്‍ മാറി കയറിയതായും അന്വേഷണ സംഘം കണ്ടെത്തി.
രാഹുലിനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സ്റ്റേഷനില്‍ എത്തി കീഴടങ്ങിയാല്‍ അത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. അതുകൊണ്ടുതന്നെ രാഹുലിനെ വേഗത്തില്‍ പിടികൂടാന്‍ ആണ് ശ്രമിക്കുന്നത്. കര്‍ണാടകത്തില്‍ ഇന്നലെ രാത്രിയും പരിശോധന നടത്തി.
രാഹുലിനെ പിടികൂടാന്‍ മൂന്നു ഇടങ്ങളില്‍ രാത്രിയില്‍ 12 മണിക്ക് ശേഷം പൊലീസ് എത്തി. രാഹുല്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രദേശത്തേക്ക് പൊലീസ് എത്തിയത്. ബാംഗ്ലൂരില്‍ എത്തിയത് ഗ്രേ കാറില്‍ ആണെന്നും അവിടെയുള്ള മലയാളിയുടെ ഹോട്ടലിലാണ് താമസിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഹൊസൂരിന്റെ പരിസരപ്രദേശങ്ങളില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. രാഹുലിന് പ്രദേശിക സഹായം ലഭിക്കുന്നുണ്ടെന്നും അന്വേഷണ സംഘം നിഗമനത്തിലെത്തി.
അതേസമയം ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയില്‍നിന്ന് അന്വേഷണസംഘം ഫോണിലൂടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്താണെന്നും അതിനാലാണ് കാര്‍ നല്‍കിയതെന്നുമാണ് സിനിമാതാരം എസ്‌ഐടിയോട് പറഞ്ഞത്. നടിയെ ആവശ്യമെങ്കില്‍ മാത്രം ചോദ്യം ചെയ്താല്‍ മതി എന്ന നിലപാടിലാണ് എസ്‌ഐടി.
രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തുടര്‍ വാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി നാളെ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റ് തടഞ്ഞിട്ടില്ലെന്നതിനാല്‍ രാഹുലിനെ എത്രയും വേഗം പിടികൂടാനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നേമുക്കാല്‍ മണിക്കൂറോളമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നീണ്ടത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധം മാത്രമാണ് യുവതിയുമായുള്ളതെന്ന് രാഹുലിന്റെ വാദം. ബലാത്സംഗം ചെയ്തിട്ടില്ല, ഗര്‍ഭചിദ്രത്തിന് യുവതിയെ നിര്‍ബന്ധിച്ചിട്ടില്ല, ഗാര്‍ഹിക പീഡനത്തിന് ഒരിക്കല്‍ പരാതി നല്‍കിയിട്ടുള്ള ആളാണ് യുവതി, അന്നുമുതല്‍ പോലീസുമായി യുവതിക്ക് ബന്ധമുണ്ട്, ബലാത്സംഗത്തിന് ഇരയായെങ്കില്‍ എന്തുകൊണ്ട് അന്ന് പരാതി നല്‍കിയില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ ചോദിച്ചു.
ഗര്‍ഭചിദ്രത്തിന് രാഹുല്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ഓഡിയോയും വാട്‌സ്ആപ്പ് സന്ദേശവും തെളിവായുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. യുവതി ചികിത്സ തേടിയ ആശുപത്രിയിലെ മെഡിക്കല്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയതാണ്. നിയമസംവിധാനവുമായി ഒട്ടും സഹകരിക്കാത്ത ആളാണ് രാഹുലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
രാഹുലിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. രാഹുലും പ്രോസിക്യൂഷനും ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളും കോടതി വിശദമായി പരിശോധിച്ചു. ഇതിനുശേഷമാണ് കൂടുതല്‍ തെളിവുകള്‍ കൂടി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുമായുള്ള റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചിട്ടുള്ളത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ യുവതിയെ പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് രാഹുല്‍ ഭീഷപ്പെടുത്തിയതായും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.