കൊല്ലം: കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ പരാജയപ്പെടുത്തിയത് കോൺഗ്രസുകാർ തന്നെ എന്ന് കൊല്ലം ഡിസിസിയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച ഉണ്ടായി. സ്ഥാനാർഥിയുടെ പര്യടന ദിവസം അപ്രധാന അജണ്ടകളുമായി പഞ്ചായത്ത് കമ്മിറ്റി നടത്തി. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബ്രിജേഷ് എബ്രഹാമിനെതിരെ കടുത്ത നടപടി എടുത്തേക്കും. തെരഞ്ഞെടുപ്പിൻ്റെ തലേദിവസം കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തിയതിനാണ് നടപടിയെടുക്കാൻ തീരുമാനം ആയത്.
പരാജയത്തിന് കൂട്ടുനിന്നവരെ കുറിച്ച് ഊമക്കത്തുകൾ ലഭിക്കുന്നെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. കത്തിൽ പറഞ്ഞിരിക്കുന്നവരെ തനിക്കറിയില്ലെന്നും ബോധപൂർവം പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി വേണമെന്നും ഐഷാ പോറ്റി ആവശ്യപ്പെട്ടു.
സിപിഐഎം വിട്ട് യുഡിഎഫിലെത്തിയ ഐഷാ പോറ്റി മുന്നണിയിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നിട്ടും കെ.എൻ. ബാലഗോപാല്‍ കൊട്ടാരക്കര മണ്ഡലം നിലനിർത്തുകയാണ് ഉണ്ടായത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിൻ്റെ വിജയം. 63926 വോട്ടുകൾ കെ.എൻ. ബാലഗോപാല്‍ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റി 62914 വോട്ടുകളാണ് നേടിയത്.