തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ വിവാദങ്ങൾക്കിടെ നിർണായക കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വെള്ളിയാഴ്ച രാത്രിയിലായിരുന്നു കൂടിക്കാഴ്ച. വൈകുന്നേരം അഞ്ചര മുതൽ ആരംഭിച്ച കൂടിക്കാഴ്ച രണ്ട് മണിക്കൂർ നീണ്ടു നിന്നു. നിലവിലെ എല്ലാ കാര്യങ്ങളും ആന്റണിയെ ധരിപ്പിച്ചെന്ന് വി.ഡി. സതീശൻ. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
വൈകീട്ട് അഞ്ചര മണിക്ക് ആരംഭിച്ച മീറ്റിങ് രാത്രി 7.30യ്ക്കാണ് അവസാനിച്ചത്.കോൺഗ്രസ് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ, മുതിർന്ന നേതാവ് എന്ന നിലയിൽ എ.കെ. ആൻ്റണിയെ ധരിപ്പിക്കുകയായിരുന്നെന്ന് വി.ഡി. സതീശൻ പറയുന്നു. പാർട്ടിക്കുള്ളിലേയും ഭരണപരമായുമുള്ള കാര്യങ്ങളാണ് സംസാരിച്ചത്.
പുതിയ കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ.കെ. ആൻ്റണിയുണ്ട്. കോർ കമ്മിറ്റി കൂടുമ്പോഴും മറ്റ് പ്രശ്നങ്ങളുണ്ടാകുമ്പോഴും വിവരങ്ങൾ എ.കെ. ആൻ്റണിയെ ധരിപ്പിക്കേണ്ടതുണ്ടെന്നും വി.ഡി. സതീശൻ വിശദീകരിച്ചു. എ.കെ. ആൻ്റണിയെ മാത്രമല്ല, മറ്റ് പല മുതിർന്ന നേതാക്കളെയും കാണാറുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള പ്രശ്നങ്ങൾ ഹൈക്കമാൻഡ് വരെയെത്തിയ സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. വി.ഡി. സതീശന്റെ പിടിവാശി കാരണം തീരുമാനിച്ച നേതൃയോഗം പോലും മാറ്റേണ്ടി വന്നെന്നടക്കമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിനിടെയിലാണ് കൂടിക്കാഴ്ച.