KERALA

തെരുവ് നായ്ക്കള്‍ ആക്രമിച്ച് മിനുട്ടുകള്‍ക്കകം പുള്ളിമാനുകള്‍ ചത്തു; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപീകരിച്ചു: എ.കെ. ശശീന്ദ്രന്‍

സംഭവസ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ സ്ഥലത്തെത്തി.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തില്‍ പുള്ളിമാനുകള്‍ ചത്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായ്ക്കള്‍ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഈ കാര്യം ഗുരുതരമായി കാണുമെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

സംഭവസ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, വനം വിജിലന്‍സ് വിഭാഗം സി.സി.എഫ് ശ്രീ. ജോര്‍ജ്ജി പി. മാത്തച്ചന്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരെ നിയോഗിച്ചു.

നാല് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിയ്ക്കാന്‍ സമിതിയ്ക്ക് നിര്‍ദ്ദേശം നല്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ തെരുവുനായ കടന്നത് എങ്ങനെയാണെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. 373 കോടി രൂപ ചെലവഴിച്ച് നിര്‍മാണ പൂര്‍ത്തിയാക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആണ് മാനുകള്‍ ചത്തത്.

SCROLL FOR NEXT