KERALA

'തിത്തെയ് തക തെയ് തെയ് തോം'! കുട്ടനാടിൻ്റെ ജലമേളകൾക്ക് ഇന്ന് തുടക്കം

ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിർപ്പിലാകും.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഓളപ്പരപ്പുകളെ കീറിമുറിച്ച്, വഞ്ചിപ്പാട്ടിൻ്റെ ഈരടികളുമായി കുട്ടനാടിൻ്റെ ജലമേളകൾക്ക് ഇന്ന് തുടക്കം. ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിർപ്പിലാകും.

ഉച്ചയോടെ ചമ്പക്കുളത്തെ പമ്പയാറ്റിൽ ചുണ്ടൻ വള്ളങ്ങൾ കുതിച്ചുപായും. വഞ്ചിപ്പാട്ടിൻ്റെ താളം മുറുകുമ്പോൾ തുഴക്കാരുടെ കൈകളിൽ കരുത്തിൻ്റെ പുതിയ ചരിത്രം പിറക്കും. ഓളപ്പരപ്പുകളെ കീറിമുറിച്ച് ജലപ്പരപ്പിലൂടെ ചുണ്ടൻ വള്ളങ്ങൾ ഫിനിഷിങ് പോയിൻ്റ് ലക്ഷ്യമാക്കി കുതിക്കും.

ഇത്തവണ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ചമ്പക്കുളം മഠത്തിൽ നിന്നും വിഗ്രഹം കൊണ്ടുപോയതിൻ്റെ ഓർമപ്പെടുത്തലാണ് മൂലം വള്ളംകളി.

ചമ്പക്കുളത്തെയും കുട്ടനാട്ടിലെയും കുമരകത്തെയും വിവിധ ജലാശയങ്ങളിൽ തീവ്ര പരിശീലനം നേടിയ കരുത്തിലാണ് ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബുകളും. നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കം കൂടിയാണ് മൂലം ജലോത്സവം. പ്രത്യേകം ക്യാമ്പുകൾ ഒരുക്കിയാണ് ബോട്ടു ക്ലബുകൾ തുഴച്ചിൽക്കാരെ സജ്ജരാക്കുന്നത്.

അതേസമയം, വള്ളംകളി ദിനത്തിൽ അവധി ആവശ്യവും പിന്നാലെ ഉണ്ടായ വിവാദങ്ങളെയും മറന്ന് ള്ളം കളി ആഘോഷമാക്കാൻ തന്നെയാണ് വള്ളംകളി പ്രേമികളുടെ തീരുമാനം. തുഴകളുടെ വേഗതയും ചുണ്ടൻ വള്ളങ്ങളുടെ മൂർച്ചയേറിയ അമരങ്ങളും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാവും ജേതാക്കളെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

SCROLL FOR NEXT