ആലപ്പുഴ: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിച്ച് തുടങ്ങിയ കർഷകർക്ക് കൈത്താങ്ങായി ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്ത്. 30 ലക്ഷം രൂപ ചിലവാക്കിയാണ് ഭരണസമിതി സോളാർ വേലികൾ സ്ഥാപിച്ചത്. എത്ര കൃഷി ഇറക്കിയാലും കാട്ടുപന്നികൾ നശിപ്പിക്കുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് പാലമേൽ പഞ്ചായത്തിലെ കർഷകരുടെ അവസ്ഥ.
ലക്ഷങ്ങളുടെ നഷ്ടം വന്നുതുടങ്ങിയതോടെ പലരും കൃഷി ഉപേക്ഷിച്ച് തുടങ്ങിയതോടെയാണ് പഞ്ചായത്ത് സോളാർ വേലികൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ള മറ്റപ്പള്ളി, കാവുമ്പാട്, ഉളവുകാട് വാർഡുകളോട് ചേർന്നുള്ള കൃഷി ഇടങ്ങളിലാണ് പൂർണമായും സോളാർ വേലി സ്ഥാപിച്ചത്. ഇതോടെ കർഷകർക്ക് ആശ്വാസമായി.
30 ലക്ഷം രൂപ ചിലവാക്കി 45ഏക്കറിൽ മൂന്ന് ഇടങ്ങളിലായാണ് പാലമേൽ ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. 50 ശതമാനം സബ്സിഡിയോടെ സോളാർ വേലി സ്ഥാപിച്ചതിനാൽ കർഷകർക്ക് സെന്റിന് 120 രൂപയിൽ താഴെ മാത്രമാണ് ചിലവ്. കാട്ടുപന്നി ശല്യം കുറഞ്ഞതോടെ കൃഷിയിൽ വീണ്ടും സജീവമാകുകയാണ് കർഷകർ.