കോട്ടയം: വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയിൽ വാക്കുതർക്കം. എൽഡിഎഫിൻ്റെ ഭാഗത്ത് നിന്ന് വൈസ് ചെയർപേഴ്സൺ മായാ രാഹുലിന് മോശം മെസേജ് വന്നു എന്ന് യുഡിഎഫ് കൗൺസിലർ ടോണി തൈപ്പറമ്പിൽ ആരോപിച്ചതിന് പിന്നാലെയാണ് തർക്കം. മെസേജ് അയച്ചത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞ് എൽഡിഎഫ് അംഗങ്ങൾ ബഹളം വച്ചു. യുഡിഎഫ് കൗൺസിലറുടെ ആരോപണത്തിൽ അടിയെങ്കിൽ തിരിച്ചടിയെന്ന് മുൻ ചെയർപേഴ്സൺ ബെറ്റി ഷാജു മറുപടി നൽകി.
അതേസമയം, മോശം മെസേജ് വന്നോ എന്ന ചോദ്യത്തിൽ വ്യക്തമായ മറുപടി പറയാതെ മായാ രാഹുൽ ഒഴിഞ്ഞുമാറി. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും മായാ രാഹുൽ പറഞ്ഞു.
പിന്നാലെ ആരോപണം ഉന്നയിച്ച കൗൺസിലർ ടോണി തൈപ്പറമ്പിൽ വിശദീകരണവുമായെത്തി. പ്രതിപക്ഷത്ത് നിന്നൊരാൾ യുഡിഎഫിൽ ഭിന്നിപ്പുണ്ട്, ജയിക്കില്ല എന്ന് മായാ രാഹുലിന് മെസേജ് അയച്ചു. അത് മാനസിക സമ്മർദം ഉണ്ടാക്കുന്ന മെസേജ് ആണ്. അതാണ് മോശം എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്നും ടോണി പ്രതികരിച്ചു.