മലപ്പുറം കൊട്ടപ്പുറം ഗവൺമെൻ്റ് ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ലബീബിനാണ് പരിക്കേറ്റത്. ബട്ടൻസ് ഇടാത്തതിന്റെ പേരിലാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥികളാണ് മർദിച്ചതെന്നും കുടുംബം പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ വിദ്യാർഥിയെ ഫറോക്ക് ചുങ്കം ക്രസൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം, വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലും സമാനരീതിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മീശ വടിക്കാത്താതും ഷർട്ടിന് ബട്ടൺ ഇടത്തതിനെയും ചൊല്ലി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർഥി ഷയാസിന്(16) ആണ് മർദനമേറ്റത്. പരിക്കേറ്റ ഷയാസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
താടിയും മീശയും വടിക്കാൻ പറഞ്ഞായിരുന്നു റാഗിങ്ങിൻ്റെ തുടക്കം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർഥികൾ പിന്നാലെ ഷയാസിനെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഷർട്ടിൻ്റെ ബട്ടൺ ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം ആരംഭിച്ചത്. ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ കൂട്ടമായി മർദിച്ചെന്നാണ് ഷയാസ് പറയുന്നത്. മർദനത്തിൽ ഷയാസിന്റെ പിൻ കഴുത്തിനും, കൈകാലുകൾക്കും പരിക്കേറ്റിരുന്നു. വയറിനും, നടുവിനും ചവിട്ടേറ്റിട്ടുമുണ്ട്.