KERALA

കേരളത്തില്‍ താമര വിരിയിക്കുന്നത് എളുപ്പമായിരുന്നില്ല, എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ വികസനം സ്തംഭിപ്പിച്ചു: അമിത് ഷാ

കേരളത്തിന്റെ വികസനം ബിജെപിയിലൂടെ ആയിരിക്കും. 2014 മുതല്‍ ബിജെപി വോട്ട് ശതമാനം വര്‍ധിച്ചുവെന്നും അമിത് ഷാ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ ഉണ്ടാകുകയാണെങ്കില്‍ സ്വാമി പത്മനാഭനെ വണങ്ങും എന്നുണ്ടായിരുന്നു. അത് നിര്‍വഹിച്ച ശേഷമാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ താമര വിരിയിക്കുന്നത് എളുപ്പമായിരുന്നില്ല. കേരളത്തിലെ പ്രവര്‍ത്തകര്‍ പാറ പോലെ ഉറച്ചുനിന്ന് നേടിയെടുത്ത വിജയമാണെന്നും അമിത് ഷാ തിരുവനന്തപുരത്ത് പറഞ്ഞു.

ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍, ശങ്കരാചാര്യര്‍ തുടങ്ങി മഹാത്മാരെ വന്ദിക്കുന്നു. നമ്മുടെ ലക്ഷം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുകയെന്നതാണ്. കേരളത്തില്‍ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കും. 2047 ആകുമ്പോള്‍ ഭാരതത്തെ വികസിത ഭാരതം ആക്കും. വികസിത ഭാരതത്തിന്റെ വഴി വികസിത കേരളത്തിലൂടെ ആയിരിക്കും. എല്‍ഡിഎഫ് യുഡിഎഫ് പരസ്പര സഹകരണം കേരളത്തില്‍ വികസനം സ്തംഭിപ്പിച്ചുവെന്നും കേരളത്തിന്റെ ഭാവി എല്‍ഡിഎഫിനും യുഡിഎഫിനും നല്‍കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇരു കൂട്ടര്‍ക്കും ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. രാജ്യത്ത് കോണ്‍ഗ്രസും അവസാനിച്ചു. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ ആയിരിക്കും. 2014 മുതല്‍ ബിജെപി വോട്ട് ശതമാനം വര്‍ധിച്ചു. 2026 മുതല്‍ 40 വരെ വോട്ട് ശതമാനത്തിന്റെ വര്‍ധന വളരെ വേഗത്തില്‍ ആയിരിക്കും. രണ്ട് സീറ്റ് ഉണ്ടായിരുന്ന അസമില്‍ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തില്‍ എത്തി. മൂന്നാമതും അധികാരത്തില്‍ എത്താന്‍ പോകുന്നുവെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂരും ത്രിപുരയിലും ഇതാണ് സ്ഥിതി. അടുത്തത് കേരളത്തിന്റെ ഊഴം. 2026 ല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നമ്മള്‍ അധികാരത്തിലെത്തി. തിരുവനന്തപുരത്ത് കേരളത്തിന്റെ മേയറെ കാണുന്നതു പോലെ. കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി വരും. കേരളത്തില്‍ സമ്പൂര്‍ണ്ണ വികസനം വേണമെന്നും ചെറുപ്പക്കാര്‍ വിദേശത്ത് പോയി അയക്കുന്ന പണംകൊണ്ടാണ് കേരളം സന്തോഷമായി കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു.

ആ ചെറുപ്പക്കാരുടെ കഷ്ടപ്പാടിനെ അംഗീകരിക്കുന്നു. വിദേശത്തുനിന്നെത്തുന്ന പണത്തിന് അപ്പുറം സമഗ്രമായ വികസനമാണ് കേരളത്തിന് വേണ്ടത്. ഓരോ ജനങ്ങളുടെയും വികസനമാണ് ഉറപ്പുവരുത്തേണ്ടത്. എല്‍ഡിഎഫും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായി കൂട്ടുകൂടുന്നു. അവര്‍ക്ക് കേരളത്തിന്റെ സംരക്ഷണം സാധ്യമാണോ? ഇരുവരുടെയും വോട്ടുബാങ്കാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഇവരില്‍ നിന്നെല്ലാം കേരളത്തെ സംരക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ. ശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്‌ഐആറിലെ പ്രതികളെ സംരക്ഷിക്കാനുള്ള എല്ലാ വഴികളുമുണ്ട്. ശബരിമലയിലെ സ്വത്തുക്കള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തവര്‍ക്ക് നമ്മുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുമോ? ശബരിമലയിലെ അന്വേഷണം നിഷ്പക്ഷ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തയ്യാറുണ്ടോ? അല്ലെങ്കില്‍ ബിജെപി വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയും. രാഷ്ട്രത്തിന്റെ വിശ്വാസത്തെയാണ് കൊള്ള വഴി ഹനിച്ചതെന്നും അമിത് ഷാ പറഞ്ഞു.

എഫ്‌ഐആര്‍ കണ്ടു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വ്യവസ്ഥകളാണ് അതില്‍ ഉള്ളത്. അന്വേഷണം നിഷ്പക്ഷ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്നു. പിണറായി വിജയന് ഇറങ്ങി പോകാന്‍ സമയമായി. കേരളത്തിലും ബംഗാളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് വരുന്നത്.

ബംഗാളില്‍ ഭാരതീയ ജനതപാര്‍ട്ടി സര്‍ക്കാരുണ്ടാക്കും. തിരുവനന്തപുരത്തിന്റെ വിജയം രാജ്യത്തിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും സന്തോഷം പകരുന്നത്. നഗരസഭ വിജയിച്ചപ്പോള്‍ ഇത്ര വലിയ സന്തോഷമെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി ഉണ്ടായാല്‍ ആ സന്തോഷം എങ്ങനെയായിരിക്കും. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിശ്രമിക്കാന്‍ അവസരമില്ല. സുരക്ഷിത കേരളം എന്‍ഡിഎക്കേ സാധിക്കൂ. 2026 ല്‍ രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ കസേരകളി അവസാനിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.

SCROLL FOR NEXT