കൊച്ചി: താരസംഘടനയിലെ മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് 'അമ്മ'. കുക്കു പരമേശ്വരൻ മെമ്മറി കാർഡ് കൈമാറിയത് കെപിഎസി ലളിതയ്ക്കാണെന്ന് 'അമ്മ' പ്രസിഡൻ്റ് ശ്വേത മേനോൻ വ്യക്തമാക്കി. കെപിഎസി ലളിതയുടെ നിര്യാണത്തോടെ അന്വേഷണം അവസാനിപ്പിച്ചെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചെന്നും അന്വേഷണ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചെന്നും 'അമ്മ' നേതൃത്വം പറയുന്നു. 'അമ്മ'യുടെ പുതിയ നേതൃത്വത്തിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും മൊഴി എടുത്തു. അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. 11 പേരുടെ മൊഴി എടുത്തെന്നും മിനുട്സ് ശേഖരിച്ചെന്നും ശ്വേത മേനോൻ പറഞ്ഞു.
"ഏഴ് വർഷത്തോളം ആരും പരാതി ഉന്നയിച്ചിരുന്നില്ല. മുൻ തെരഞ്ഞെടുപ്പിൽ ഒന്നും വരാത്ത വിഷയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉന്നയിച്ചു. നിയമപരമായി ആർക്കെങ്കിലും മുന്നോട്ട് പോകണമെങ്കിൽ അങ്ങനെ പോകാം. മെമ്മറി കാർഡ് കെപിഎസി ലളിതയുടെ കൈവശമാണ് ഉണ്ടായിരുന്നത്. അവർ മരിച്ചു പോയതിനാൽ അന്വേഷണം അവിടെ അവസാനിപ്പിച്ചു. കെപിഎസി ലളിതയ്ക്ക് കുക്കു പരമേശ്വരൻ മെമ്മറി കാർഡ് കൈമാറി," ശ്വേത മേനോൻ വ്യക്തമാക്കി.