എറണാകുളം: കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇടപ്പള്ളിയിലാണ് താമസം. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം കൊല്ലം സ്വദേശി മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. 65 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായി നടത്തുന്ന പഠനം കോഴിക്കോട് തുടങ്ങി. ജില്ലയിൽ കഴിഞ്ഞ ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്.
പഠന സംഘം ഓമശ്ശേരി, അന്നശ്ശേരി, വെള്ളിപറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഐസിഎംആർ ടീം അംഗങ്ങൾ, എൻഐഇ ടീം അംഗങ്ങൾ, മെഡിക്കൽ കോളേജ് കമ്യൂണിററി മെഡിസിൻ ഡോക്ടർമാർ, ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫിസർ, എപ്പിഡെമിയോളജിസ്‌റ്റുകൾ എന്നിവരാണു സംഘത്തിലുളളത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ സംഘത്തെ അനുഗമിച്ചു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.