അഹാന കൃഷ്ണ, ദിയ കൃഷ്ണ  Image: Instagram
KERALA

"ഞാന്‍ പറഞ്ഞതിനെ കുറിച്ച് എന്നോട് സംസാരിക്കൂ"; പ്രതികരണവുമായി അഹാന കൃഷ്ണ

അച്ഛനോ അമ്മയോ സഹോദരിമാരോ പറഞ്ഞതാണെങ്കില്‍ അതിനെ കുറിച്ച് അവരോട് ചോദിക്കണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സറുടെ മതവിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്‌ക്കെതിരായ വിവാദത്തില്‍ പ്രതികരണവുമായി സഹോദരി അഹാന കൃഷ്ണ. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും എല്ലാവരും വ്യത്യസ്ത ചിന്തകളും അഭിപ്രായങ്ങളുമാണുള്ളവരാണെന്ന് അഹാന കൃഷ്ണ വ്യക്തമാക്കി.

ഒരാള്‍ പറയുന്നതിനോ ചെയ്യുന്നതിനോ കുടുംബത്തിലെ എല്ലാവരും ഉത്തരവാദികളല്ല. താന്‍ ചെയ്തതിലോ പറഞ്ഞതിലോ എന്തെങ്കിലും പ്രശ്‌നം തോന്നുന്നുണ്ടെങ്കില്‍ അത് തന്നോട് ചോദിക്കാം. അച്ഛനോ അമ്മയോ സഹോദരിമാരോ പറഞ്ഞതാണെങ്കില്‍ അതിനെ കുറിച്ച് അവരോട് ചോദിക്കണം.

ഏതെങ്കിലും വിഷയത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ അത് ആ വ്യക്തിയോടാണ് പറയേണ്ടത്. അതിന് കുടുംബാംഗങ്ങളെ മുഴുവന്‍ വലിച്ചിഴയ്ക്കരുതെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഓരോരുത്തരുടെയും ചിന്തകള്‍ വ്യത്യസ്തമാണെങ്കിലും കുടുംബമെന്ന നിലയില്‍ പരസ്പരം പിന്തുണയ്ക്കുമെന്നും അഹാന വ്യക്തമാക്കി.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തില്‍ തന്റെ വിവാഹം ഉള്‍പ്പെടെ വ്യക്തിപരമായ കാര്യങ്ങള്‍ വലിച്ചിടുന്നത് അത്ഭുതപ്പെടുത്തുന്നു. പുരോഗമനത്തെപറ്റി സംസാരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അഹാന ചൂണ്ടിക്കാട്ടി.

താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം. വീഡിയോയില്‍ ഫോര്‍ട്ടുകൊച്ചിയിലെ മുസ്ലീങ്ങളെ പറ്റി പറയുന്ന ഭാഗം താന്‍ കണ്ടിട്ടില്ല. തന്നെ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ മുസ്ലീം വിഭാഗത്തില്‍ ഉണ്ട്. തനിക്ക് ഒരു വിഭാഗത്തോടും വിദ്വേഷം ഇല്ലെന്നും ദിയ പറഞ്ഞു. ജിന്നയുടെ ചിത്രം കണ്ടതിനാണ് തന്റെ പ്രതികരണം എന്നുമായിരുന്നു വിശദീകരണം. എന്നാല്‍, ആര്‍ട്ട് കഫേയിലെ കലാരൂപത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെയായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇന്‍സ്റ്റഗ്രാം ഉപേക്ഷിക്കുകയാണെന്നും ദിയ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT