കായംകുളം: ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തതിൻ്റെ രജത ജൂബിലി ആഘോഷവേളയിൽ മാതാ അമൃതാനന്ദമയിയെ ഇടതു സര്‍ക്കാർ ആദരിച്ച നടപടിയിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ സംഭവത്തിൽ വിശദീകരണം നൽകി മന്ത്രി സജി ചെറിയാൻ. അമൃതാനന്ദമയി ദൈവം ആണോ അല്ലയോ എന്നത് തൻ്റെ വിഷയമല്ലെന്നും ഞങ്ങളാരും അവർ ദൈവം ആണെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം, ഞങ്ങൾക്ക് പറ്റില്ല എന്നാണ് ചിലരുടെ വിമർശനങ്ങൾക്ക് പിന്നിലെങ്കിൽ അതങ്ങ് മനസ്സിൽ വച്ചാൽ മതിയെന്നും സജി ചെറിയാൻ വിമർശിച്ചു. കായംകുളത്ത് നഗരസഭാ ഗ്രന്ഥശാല ഉദ്ഘാടന പരിപാടിയിലാണ് മന്ത്രിയുടെ ഈ പരാമർശം.
"എൻ്റെ അമ്മ എനിക്ക് ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. അമൃതാനന്ദമയിക്ക് എൻ്റെ അമ്മയുടെ പ്രായമുണ്ട്. ഞാൻ ആ സ്ഥാനത്താണ് കണ്ടത്. ഞാൻ അമ്മയ്ക്ക് തിരിച്ചും ചുംബനം നൽകി. അതിന് ഇവിടെ ആർക്കാണ് പ്രശ്നം? 25 വർഷം മുൻപ് അവർ യുഎന്നിൽ മലയാളത്തിൽ പ്രസംഗിച്ചു. അത് ചെറിയൊരു കാര്യമല്ല. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് അവർക്കുള്ളത്. ആ പ്രസംഗം ഞാൻ കേട്ടു. അത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അമൃതാനന്ദമയി ഒരുപാട് ചാരിറ്റി പ്രവർത്തനം ചെയ്യുന്നുണ്ട്. ഭക്തർ വഴി അവർ നിരവധി പേരെ സഹായിക്കുന്നുണ്ട്. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്," മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു.