'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ': അമൃതാനന്ദയമയിക്കെതിരെയുള്ള പുസ്തക ചർച്ച കേസിൽ ട്രോളുമായി ഹൈക്കോടതി

പുസ്തകം ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നും അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ നിശബ്ദരാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി
'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ': അമൃതാനന്ദയമയിക്കെതിരെയുള്ള പുസ്തക ചർച്ച കേസിൽ ട്രോളുമായി  ഹൈക്കോടതി
Published on

മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയിൽ ട്രെഡ്‌വെൽ എഴുതിയ ഹോളി ഹെൽ എന്ന പുസ്തകം ചാനൽ ചർച്ചയാക്കിയ മാധ്യമ പ്രവർത്തകർ എം.വി. നികേഷ് കുമാറിനും പി.കെ.  പ്രകാശിനുമെതിരെയുള്ള മാനനഷ്ട കേസ് റദ്ദാക്കി ഹൈക്കോടതി. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന സിനിമാ ഡയലോഗ് പരാമർശിച്ചു കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് കേസ് റദ്ദാക്കിയത്. അമൃതാനന്ദമയിയുടെ ഭക്തരിൽ ഒരാൾ നൽകിയ അപകീർത്തി പരാതിയെത്തുടർന്ന് തങ്ങൾക്കെതിരെ ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.കെ. പ്രകാശും  നികേഷ് കുമാറും സമർപ്പിച്ച ഹർജിയിലാണ് വിധി.

പുസ്തകം എഴുതിയ വ്യക്തിക്കോ പ്രസിദ്ധീകരിച്ചവർക്കോ എതിരെ ആക്ഷേപമില്ല. പകരം പുസ്‌തകത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌ത മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്നതിൽ പരാതിക്കാർ സ്വീകരിച്ച മനോഭാവം ഉയർത്തിക്കാട്ടിയാണ് കോടതി സിനിമാ ഡയലോഗ് ഉത്തരവിൽ കുറിച്ചത്. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന് സിനിമയിൽ പറയുന്നത് പോലെയാണ് കേസിൽ പരാതിക്കാരുടെ വാദമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകം ചർച്ച ചെയ്യാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നും അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ നിശബ്ദരാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകം പൊതുസമൂഹത്തിൽ ലഭ്യമാകുമ്പോൾ അതേക്കുറിച്ച് ചർച്ച ചെയ്യേണ്ടത് മാധ്യമപ്രവർത്തകരുടെ കടമയാണെന്നും കോടതി അഭിപ്രായപെട്ടു. പുസ്തകത്തിൻ്റെ ഉള്ളടക്കം ചർച്ച ചെയ്യുന്നത് ഹർജിക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. അതിനാൽ പുസ്തകം ചർച്ച ചെയ്‌ത മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മാതാ അമൃതാനന്ദമയി മഠമോ അതിൻ്റെ ഭക്തരോ പുസ്തകത്തിൻ്റെ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് മറ്റുള്ളവർ സംസാരിക്കുന്നത് അപകീർത്തിപ്പെടുത്തുന്നതാണെന്ന് പറയാനാവില്ല. അമൃതാനന്ദമയിക്കും അവരുടെ മഠത്തിനും ഭക്തർക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും അതിൻ്റെ രചയിതാവിനെതിരെയോ പ്രസാധകനെതിരേയോ ഒരു ക്രിമിനൽ കേസും എടുക്കേണ്ടെന്ന് പരാതിക്കാരൻ തീരുമാനിച്ചതിൽ അത്ഭുതം തോന്നുന്നുവെന്നും കോടതി സൂചിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com