ആനന്ദ് തമ്പി Source: Social Media
KERALA

"ആനന്ദ് തമ്പി സജീവ ആർഎസ്എസ് പ്രവർത്തകൻ"; ബിജെപി നേതൃത്വത്തെ തള്ളി ആർഎസ്എസ് നേതാക്കളുടെ മൊഴി

വാർഡിലെ സ്ഥാനാർഥി നിർണയ യോഗത്തിലും ആനന്ദ് പങ്കെടുത്തു എന്നും മൊഴി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതിൽ ബിജെപി നേതൃത്വത്തെ തള്ളി ആർഎസ്എസ് നേതാക്കളുടെ മൊഴി. ആനന്ദ് ഇരുപത് വർഷത്തിലധികമായി ആർഎസ്എസ് പ്രവർത്തകനാണെന്നും തൃക്കണ്ണാപുരത്തെ സ്ഥാനാർഥി നിർണയ യോഗത്തിൽ പങ്കെടുത്തിരുന്നതായും നേതാക്കൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം സ്ഥാനാർഥി ആകാനുള്ള താൽപര്യം യോഗത്തിൽ പ്രകടിപ്പിച്ചില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ജീവനൊടുക്കിയ ആനന്ദിന് ഏഴു വർഷമായി ആർഎസ്എസുമായി ബന്ധമില്ലെന്ന കരമന ജയൻ്റെ വാദത്തെ പൂർണമായി തള്ളുകയാണ് ആർഎസ്എസ് നേതൃത്വം. ആനന്ദ് ഇരുപത് വർഷത്തിലധികമായി ആർഎസ്എസിൻ്റെ നേതാവും സജീവ പ്രവർത്തകനും ആണെന്നാണ് നേതാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മാത്രമല്ല തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ശ്രീചക്രത്തിൽ ശിവക്ഷേത്ര ഹാളിൽ ചേർന്ന യോഗത്തിൽ ആനന്ദ് പങ്കെടുത്തിരുന്നതായതും നേതാക്കൾ വ്യക്തമാക്കി. യോഗത്തിലേക്ക് ആനന്ദിനെ ക്ഷണിച്ചത് താനാണെന്നും ആർഎസ്എസ് തിരുമല നഗർ കാര്യവാഹ് രാജേഷ് മൊഴി നൽകിയിട്ടുണ്ട്. അതായത് ആനന്ദിന് ബിജെപി ബന്ധമില്ലെന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിൻ്റെ നിലപാടാണ് ഇതോടെ സംശയനിഴലിലാകുന്നത്.

അതേസമയം വാർഡിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം ആനന്ദ് യോഗത്തിൽ ഉന്നയിച്ചിട്ടില്ലെന്നും നേതാക്കൾ മൊഴി നൽകി. ആനന്ദിൻ്റെ പേരും ആരും നിർദേശിച്ചിരുന്നില്ല. എന്നാൽ മത്സരിക്കാനുള്ള തീരുമാനം കുടുംബത്തെ അറിയിച്ചിരുന്നതായി അച്ഛനും ഭാര്യാപിതാവ് ഉൾപ്പെടെയുള്ളവരും വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ നിലവിലെ ബിസിനസ് തകരുമെന്നും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി എതിർത്തിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. അതേസമയം ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനാൽ ഭാര്യ ആതിരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

SCROLL FOR NEXT