തൃശൂരിലെ കലുങ്ക് സംവാദത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂര്‍ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ നല്‍കിയെന്ന് ആനന്ദവല്ലി പറഞ്ഞു.
തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആനന്ദവല്ലി പ്രതികരിച്ചു. ആനന്ദവല്ലിയുടെ പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഐഎം പൊറത്തിശ്ശേരി എല്‍ സി സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാല്‍ പ്രതികരിച്ചു.
ചികിത്സാ ആവശ്യങ്ങള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശ ലഭിക്കണമെന്നായിരുന്നു ആനന്ദവല്ലിയുടെ ആഗ്രഹം. ഇത് ഉറപ്പു നല്‍കുകയായിരുന്നു ജീവന്‍ലാല്‍. മൂന്ന് മാസം കൂടുമ്പോഴാണ് സഹകരണ ബാങ്കില്‍ പലിശ വിതരണം ചെയ്യാറ്. ആ നിലയ്ക്ക് ആനന്ദവല്ലിക്ക് ആവശ്യമുള്ളപ്പോള്‍ വന്ന് പലിശ വാങ്ങാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. ചികിത്സ, വിവാഹം തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ക്ക് പണം നല്‍കാനുള്ള സാഹചര്യം ഇപ്പോള്‍ ബാങ്കിനുണ്ടെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പറയുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. കഴിഞ്ഞദിവസം ഇരിങ്ങാലക്കുടിയില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ചാണ് കേന്ദ്രമന്ത്രി അപമാനിച്ചത്
സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ പൊതു മധ്യത്തില്‍ താന്‍ അപമാനിതയായെന്ന് നേരത്തെ ആനന്ദവല്ലി പറഞ്ഞിരുന്നു. മന്ത്രിക്ക് ഒരു നല്ല വാക്ക് പറയാമായിരുന്നു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു.
ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സഹായം അഭ്യര്‍ഥിച്ചത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായാണ് വയോധിക എത്തിയത്. ഇതിനു മറുപടിയായി, 'ചേച്ചി അധികം വര്‍ത്തമാനം പറയേണ്ട, ഇഡിയില്‍ നിന്ന് പണം ലഭിക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനുള്ള വഴി അറിയില്ലെന്ന് വയോധിക പറയുമ്പോള്‍ പത്രക്കാരോട് ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നതെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി സാറല്ലേ ഞങ്ങളുടെ മന്ത്രിയെന്ന് വയോധിക തിരിച്ചു ചോദിക്കുമ്പോള്‍, അല്ല... ഞാനീ രാജ്യത്തിന്റെ മന്ത്രിയാണെന്നാണ് തൃശൂര്‍ എംപി മറുപടി നല്‍കിയിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയത്.