കോഴിക്കോട്: താമരശേരിയിലെ ഒൻപത് വയസുകാരിയുടെ മരണത്തിൽ അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ടീം വിശദീകരിക്കും. റിപ്പോർട്ടുകളിൽ അവ്യക്തതയില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. പെൺകുട്ടിക്കും കൃത്യമായ ചികിത്സ ലഭ്യമാക്കിയെന്ന് ഡോക്ടർമാർ പറഞ്ഞെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
"പലതരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. റിപ്പോർട്ടുകളിൽ അവ്യക്തതയില്ല എന്നുള്ളതാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ സഹോദരന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗം സുഖപ്പെട്ടു. പെൺകുട്ടിക്കും കൃത്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അറിയിച്ചത്. പ്രാഥമികമായ റിപ്പോർട്ട് ഡിഎച്ച്എസും ഡിഎംഇയും നൽകി. നൽകേണ്ട പരിചരണം കുട്ടിക്ക് നൽകിയിട്ടുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട അവ്യക്തതയുണ്ട് എന്ന പ്രചരണത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ വിശദീകരിക്കും" മന്ത്രി വീണാ ജോർജ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കുടുംബം നിയമനടപടിയിലേക്ക് നീങ്ങുകയാണ്. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ല, ഇൻഫ്ലുവൻസ എ വൈറൽ ന്യുമോണിയയാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിയമ നടപടി. കുടുംബം താമരശേരി ഡിവൈഎസ്‌പിക്ക് പരാതി നൽകി.
അതേസമയം, ഒൻപത് വയസുകാരിക്ക് അമിബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗമാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നട്ടെല്ലിൽ നിന്നും സ്വീകരിച്ച സാമ്പിളാണ് പരിശോധിച്ചത്. അതേസമയം, ഇൻഫ്ലുവൻസ എ വൈറൽ ന്യുമോണിയയാണ് മരണകാരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.