കൊച്ചി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവതി. ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സമീപിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. നിരവധി തവണ അശ്ലീല സന്ദേശങ്ങൾ അയച്ചു. ആദ്യം വിവാഹാഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി. സമ്മർദ്ദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ പറഞ്ഞതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
രണ്ടുമാസം മുൻപ് വരെ രാഹുൽ മെസേജ് അയച്ചിരുന്നതായി യുവതി പറയുന്നു. 2023 കാലത്താണ് രാഹുല്‍ മെസേജ് അയയ്ക്കുന്നത് തുടങ്ങുന്നത്. ഇന്‍സ്റ്റഗ്രാം വഴി ഫോണ്‍ നമ്പർ വാങ്ങി. പിന്നീട് ടെലഗ്രാം വഴി മെസേജ് അയയ്ക്കാന്‍ ആരംഭിച്ചുവെന്നും യുവതി പറയുന്നു.
“പുള്ളി ഒരു ടൈമർ സെറ്റ് ചെയ്യും. 10-15 അല്ലെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ മേസേജ് അപ്രത്യക്ഷമാകുന്ന രീതിയില്‍. ഇത്തരത്തില്‍ മൂന്ന് ചാറ്റ് പേജുകളുണ്ടായിരുന്നു. എനിക്ക് നിന്നെ കണ്ട മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. എനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞു. അപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ട്. വീട്ടില്‍ വന്ന് സംസാരിക്കാം. നീ എന്നോട് ഓക്കെ പറഞ്ഞാല്‍ മതി. അങ്ങനെയാണ് ആദ്യമായി മീറ്റ് ചെയ്യുന്നത്. അപ്പോള്‍ ശാരീരിക ബന്ധത്തിന് സമീപിച്ചു,” യുവതി വെളിപ്പെടുത്തി.
പിന്നീട് കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ല, നിർബന്ധിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു. നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. “അതിനു ശേഷം അടുത്ത കാലത്തും ബന്ധപ്പെട്ടിരുന്നു. ഞാന്‍ വരട്ടേ..വരുമ്പോള്‍ കോണ്ടം കൊണ്ടുവരട്ടെയെന്നും പറഞ്ഞു. പുറത്തുപറയും എന്ന് പറഞ്ഞപ്പോള്‍ I DON'T CARE, WHO CARES എന്നായിരുന്നു മറുപടി,” യുവതി പറയുന്നു.
യുവനടിയും മുന്‍ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രവാഹമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയാണ് ഇതില്‍ പ്രധാനം. രാഹുലിനെതിരെ എഐസിസിക്ക് ഒൻപതിലധികം പരാതികളാണ് കിട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു സ്ത്രീക്ക് രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീലസ്വരത്തിൽ തുടർച്ചയായി അയച്ച സാമൂഹിക മാധ്യമ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫോൺ നമ്പർ ചോദിച്ച് സ്ത്രീയെ രാഹുൽ ശല്യപ്പെടുത്തുന്നത് ചാറ്റിൽ കാണാം.